മുംബൈ: മദ്റസകൾ ആധുനികവത്കരിക്കാൻ 10 ലക്ഷം രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. മദ്റസകളിൽ ശാസ്ത്രവും ഗണിതവും അടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നത് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള ആധുനികവത്കരണത്തിനാണ് ഓരോ മദ്റസക്കും 10 ലക്ഷം രൂപ വീതം നൽകുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ലൈബ്രറികൾ സ്ഥാപിക്കുക, ശാസ്ത്ര-ഗണിത അധ്യാപകർക്ക് ശമ്പളം നൽകുക തുടങ്ങിയവക്കായി ഈ ഫണ്ട് ചെലവിടുമെന്നാണ് അധികൃതർ പറയുന്നത്. ഡോ. സക്കീർ ഹുസൈൻ മദ്റസ മോഡേണൈസേഷൻ പ്രോഗ്രാമിൽ ഉൾപെടുത്തി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് ഫണ്ട് നൽകുന്നത്. സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത മദ്റസകൾക്കാണ് ഫണ്ട് ലഭിക്കുക.
മതപരമായ അധ്യയനത്തിനു പുറമെ വിദ്യാഭ്യാസപരമായ സർവതോന്മുഖ പുരോഗതിക്കായി മദ്റസയിൽ പഠിക്കുന്ന വിദ്യാർഥികൾ സ്കൂളുകളിൽ ചേരണമെന്നും നിഷ്‍കർഷിക്കുന്നുണ്ട്. മദ്റസകളിൽ സയൻസും മാത്തമാറ്റിക്സും പഠിപ്പിക്കാനായി അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഈ അധ്യാപകരുടെ ശമ്പളമാണ് സംസ്ഥാന സർക്കാർ നൽകുന്നത്.
ഒരു കെട്ടിടത്തിൽ ഒരു മദ്റസ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. മദ്റസകളിലെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ ആധുനികവും സംഘടിതവുമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ഇതെന്നാണ് അധികൃതരുടെ വാദം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 121 മദ്റസകളാണുള്ളത്.
ശിവസേന, എൻ.സി.പി വിമതർക്കൊപ്പം ചേർന്ന് പാർട്ടി ഭരണത്തിലുള്ള സംസ്ഥാനത്ത് നേരത്തേ മദ്റസകൾ അടച്ചുപൂട്ടണമെന്ന ആവശ്യമാണ് ബി.ജെ.പി ഉയർത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ മദ്റസകളെ ആധുനികവൽക്കരിക്കാനുള്ള നീക്കങ്ങളെ പിന്തുണക്കുകയാണ് ബി.ജെ.പി. വിമത എൻ.സി.പിയിൽനിന്നുള്ള ഉപമുഖ്യമന്ത്രിയായ അജിത് പവാർ മുസ്‍ലിംകൾക്ക് അഞ്ചു ശതമാനം സംവരണം നൽകണമെന്ന അഭിപ്രായക്കാരനാണ്. ബി.ജെ.പി ഈ ആശയത്തിന് പൂർണമായും എതിരാണെങ്കിൽപോലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.