നവാബ് മാലിക്

ഇ.ഡി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവാബ് മാലിക് ബോംബെ ഹൈകോടതിയെ സമീപിച്ചു

മുംബൈ: ഹവാല കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്തിട്ടുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻ.സി.പി ദേശീയ വക്താവുമായ നവാബ് മാലിക് ബോംബെ ഹൈകോടതിയെ സമീപിച്ചു.

മാർച്ച് 3 വരെ മാലിക്കിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു കൊണ്ട് പ്രത്യേക കോടതി ഉത്തരവിറക്കിയിരുന്നു.

തനിക്കെതിരായ ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്നും തന്നെ കസ്റ്റഡിയിൽ വിട്ട് കൊണ്ട് പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുമാണ് നവാബ് മാലിക് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്.

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരായ സ്ഥിരം വിമർശകൻ എന്ന നിലയിലാണ് കേന്ദ്രം തന്നെ ലക്ഷ്യമിടുന്നതെന്നും തനിക്കെതിരായ കേസ് നിയമ വിരുദ്ധമാണെന്നും മാലിക് ഹരജിയിൽ ആരോപിച്ചു.

താൻ മാത്രമല്ല കേന്ദ്ര ഏജൻസികൾ ലക്ഷ്യം വെച്ച ആദ്യ ഇരയെന്നും അധികാരത്തിലിരിക്കുന്ന പാർട്ടി രാജ്യ വ്യാപകമായി കേന്ദ്ര ഏജൻസികളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ഹരജിയിൽ പറഞ്ഞു.

അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കൊണ്ട് തന്നെ ഉടൻ തന്നെ ഇ.ഡി കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന് ഹൈകോടതിയോട് അഭ്യർതിച്ച നവാബ് മാലിക്, ക്രിമിനൽ നടപടി നിയമത്തിലെ സെക്ഷൻ 41 എ പ്രകാരം യാതൊരു അറിയിപ്പും സമൻസും കൂടാതെ ഇ.ഡി ഉദ്യോഗസ്ഥർ തന്നെ വസതിയിൽ നിന്ന് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം കേസുകൾ കേൾക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കോടതിയുടെ ഫെബ്രുവരി 23 ലെ ഉത്തരവ് അധികാരപരിധിയില്ലാത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനാണ് സാധ്യത.

Tags:    
News Summary - Maharashtra Minister Nawab Malik Files Plea Against Arrest In Money Laundering Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.