മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ ജുഡീഷ്യൽ കസ്റ്റഡി പ്രത്യേക കോടതി ഏപ്രിൽ നാലു വരെ നീട്ടി. ജസ്റ്റിസ് ആർ.എൻ റൊകഡെയാണ് കസ്റ്റഡി കാലാവവധി നീട്ടി കൊണ്ട് ഉത്തരവിട്ടത്. ഇതോടൊപ്പം ജയിലിൽ കിടക്കയും കസേരയും ഉപയോഗിക്കുന്നതിന് നവാബ് മാലിക്കിനെ കോടതി അനുവദിച്ചു.
ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഫെബ്രുവരി 23നാണ് മാലിക്കിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാർച്ച് 7 വരെ ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്ന മാലിക്കിനെ പിന്നീട് മാർച്ച് 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കിടക്കയും കസേരയും വേണമെന്ന നവാബ് മാലിക്കിന്‍റെ ആവശ്യം അംഗീകരിച്ച കോടതി, ഈ അനുമതി ദുരുപയോഗം ചെയ്യരുതെന്ന് നിർദേശിച്ചു. അതേസമയം, പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് വീട്ടിൽ പാകം ചെയ്ത ഭക്ഷണം വേണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി മാലിക് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
മാലിക്കിന്‍റെ രണ്ട് കാലുകൾക്കും നീരുവന്നതായും മൂത്രത്തിൽ രക്തത്തിന്‍റെ അംശമുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ താരഖ് സഈദും കുശാൽ മോറും കോടതിയെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.