72 മണിക്കൂറിനിടെ രണ്ട് കള്ളക്കേസുകൾ; എം.എൽ.എ സ്ഥാനം രാജിവെക്കുകയാണെന്ന് മഹാരാഷ്ട്ര എൻ.സി.പി നേതാവ്

മുംബൈ: തനിക്കെതിരെ 72 മണിക്കൂറിനുള്ളിൽ രണ്ട് കള്ളക്കേസുകൾ ചുമത്തിയെന്നും എം.എൽ.എ സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്രയിലെ എൻ.സി.പി എം.എൽ.എ ജിതേന്ദ്ര അവാദ്. ഛത്രപതി ശിവാജിയുടെ ചരിത്രം വളച്ചൊടിച്ചെന്നാരോപിച്ച് താനെയിൽ മറാത്തി സിനിമ 'ഹർ ഹർ മഹാദേവി'ന്റെ പ്രദർശനം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞയാഴ്ചയാണ് ജിതേന്ദ്ര അവാദ് അറസ്റ്റിലായത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിനെതിരെ സ്ത്രീയെ ഉപദ്രവിച്ചെന്ന ​കേസാണ് രജിസ്റ്റർ ചെയ്തത്.

നവംബർ 13ന് മുംബ്ര പാലം ഉദ്ഘാടനച്ചടങ്ങിൽ സ്ത്രീയെ പിടിച്ചു തള്ളിയെന്നാണ് കേസ്. ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ കാണാനെത്തിയതായിരുന്നു താനെന്നും അതിനിടെ എം.എൽ.എ പിടിച്ചു തള്ളിയെന്നുമാണ് സ്ത്രീയുടെ പരാതി. താനെയിലെ മുംബ്ര-കൽവ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ജിതേന്ദ്ര അവാദ്.

'ഈ പൊലീസ് അതിക്രമത്തിനെതിരെ ഞാൻ പോരാടും. ജനാധിപത്യത്തെ കൊല്ലുന്ന ഈ പ്രക്രിയ നോക്കി നിൽക്കാനാകില്ല' -എം.എൽ.എ മറാത്തിയിൽ ട്വീറ്റ് ചെയ്തു.

അവാദിനെതിരെ കേസെടുത്തതിൽ രോഷാകുലരായ എൻ.സി.പി പ്രവർത്തകർ മുംബ്ര പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു.

തന്റെ അറസ്റ്റ് ഉന്നതാധികാരികളുടെ നിർദേശ പ്രകാരം നടന്നതാണെന്നും നവംബർ ഏഴിന് മൾട്ടിപ്ലക്സിൽ ഒരാളെ ആളുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് രക്ഷിക്കുകയായിരുന്നു താൻ ചെയ്തതെന്നുമാണ് എം.എൽ.എയുടെ അവകാശവാദം. എൻ.സി.പി എം.പി സുപ്രിയ സുലെയും കേസും അറസ്റ്റും മുകളിൽ നിന്നുള്ള സമ്മർദം മൂലമാ​ണെന്ന് ആരോപിച്ചു.

എന്നാൽ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തള്ളി. നിയമപ്രകാരം മാത്രമുള്ള നടപടിയാണെന്നാണ് ഷിൻഡെയുടെ വാദം. 

Tags:    
News Summary - Maharashtra MLA, Out On Bail And Named In New Case, "Decides To Resign"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.