മുംബൈ: കർഷകരുടെ കടം എഴുതിത്തള്ളാൻ വിസമ്മതിച്ച സർക്കാറിനെതിരെ മഹാരാഷ്ട്രയിലെ കർഷകർ പാൽ നിരത്തിലൊഴുക്കിയുള്ള പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം തുടങ്ങിയ സമരത്തിന് ഐക്യദാർഢ്യവുമായി വിവിധയിടങ്ങളിലെ കർഷകർ രംഗത്തെത്തി.
അതേസമയം, സമരം വ്യാപിച്ചതോടെ സംഘർഷം മുന്നിൽ കണ്ട് നാസികിൽ നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. കിസാൻ ക്രാന്തി മോർച്ചയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. ഷിർദി, നാസിക് പ്രദേശങ്ങളിൽനിന്ന് നഗരങ്ങളിലെ വിപണികളിലേക്ക് പോകുകയായിരുന്ന ടാങ്കറുകൾ കഴിഞ്ഞദിവസം തടഞ്ഞ് പാൽ നിരത്തിലൊഴുക്കിയിരുന്നു. ഉറുമാമ്പഴം, തക്കാളി, പച്ചമുളക് എന്നിവയും നിരത്തിലെറിഞ്ഞു.
കിസാൻ ക്രാന്തി മോർച്ച പ്രതിനിധികളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തമ്മിലെ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപക സമരം. കടം എഴുതിത്തള്ളുക, കാർഷിക ഉൽപന്നങ്ങളുടെ അടിസ്ഥാന വില കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്.
അഹ്മദ്നഗർ, നാസിക്, കോലാപുർ, സാംഗ്ളി, സോലാപുർ, നാേന്ദഡ്, ജൽഗാവ് തുടങ്ങിയ ജില്ലകളിലെ കർഷകരാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. രണ്ടു ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.