ഷെഗോൺ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കൈകോർത്ത് മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധിയും. മഹാരാഷ്ട്ര ബുൽധാന ജില്ലയിലെ ഷെഗോണിൽ എത്തിയ യാത്രയിൽ ഇന്ന് രാവിലെയാണ് തുഷാർ പങ്കുചേർന്നത്. ഇന്നലെ ഇതു സംബന്ധിച്ച് തുഷാർ ട്വീറ്റ് ചെയ്തിരുന്നു.
'നാളെ ഞാൻ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് ഷെഗോണിലെ ഭാരത് ജോഡോ യാത്രയിൽ നടക്കും' എന്നായിരുന്നു ട്വീറ്റ്. മഹാത്മാഗാന്ധിയും നെഹ്റുവും ഒരുമിച്ച് നിൽക്കുന്ന ചിത്രത്തവും ട്വീറ്റിൽ പങ്കുവെച്ചിരുന്നു.
നവംബർ ഏഴ് മുതൽ മഹാരാഷ്ട്രയിൽ പ്രയാണം തുടരുന്ന യാത്ര, ഇന്ന് രാവിലെ ആറിന് അകോല ജില്ലയിലെ ബാലപുരിൽ നിന്ന് ആരംഭിച്ചു. മണിക്കൂറുകൾക്ക് ശേഷം ഷെഗോണിൽ എത്തിയപ്പോഴാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി യാത്രയിൽ പങ്കുചേർന്നത്.
തന്റെ ജന്മ സ്ഥലമാണ് ഷെഗോൺ എന്ന് വ്യക്തമാക്കിയ തുഷാർ, 1960 ജനുവരി 17ന് നാഗ്പൂർ വഴിയുള്ള ഹൗറ മെയിലിൽ തന്റെ അമ്മ യാത്രചെയ്യവെ, ഷെഗോൺ സ്റേറഷനിൽ നിർത്തിയപ്പോഴാണ് താൻ ജനിച്ചതെന്ന് ട്വീറ്റിൽ വിവരിച്ചു.
തുഷാർ യാത്രയിൽ പങ്കുചേരുന്നതിനെ ചരിത്രപരം എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ജവഹർലാൽ നെഹ്റുവിന്റെയും ഗാന്ധിയുടെയും പാരമ്പര്യം പേറുന്ന പൗത്രൻമാരാണ് ഇരുവരുമെന്ന് പറഞ്ഞ കോൺഗ്രസ് 'ഭരണകർത്താക്കൾക്ക് ജനാധിപത്യത്തെ ഭീഷണിയിലാക്കാം, പക്ഷേ, ഇല്ലാതാക്കാനാവില്ലെന്ന സന്ദേശമാണ് ഇരുവരും ഒരുമിച്ചുള്ള യാത്ര നൽകുന്ന സന്ദേശം' എന്നും പ്രസ്താവനയിൽ അറിയിച്ചു.
തുഷാർ ഗാന്ധിയെ കൂടാതെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, ദീപേന്ദർ ഹൂഡ, മാണിക് റാവു താക്റെ, കോൺഗ്രസ് പ്രസിഡന്റ് ഭായ് ജഗ്പത്, പാർട്ടി സ്റ്റേറ്റ് യൂനിറ്റ് ചീഫ് നാന പടോലെ എന്നിവർ രാഹുലിനൊപ്പം യാത്രയിലുണ്ട്. വൈകീട്ട് ഷെഗോണിൽ പൊതു റാലിയെ രാഹുൽ അഭിസംബോധന ചെയ്യും. നവംബർ 20 ന് യാത്ര മധ്യപ്രദേശിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.