മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന, ബി.ജെ.പി, എൻ.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോൺഗ്രസ്, ശിവസേന-യു.ബി.ടി, എൻ.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ) തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വിമതരും മുന്നണിയിൽ സൗഹാർദ മത്സരത്തിനിറങ്ങിയവരും ഫലനിർണയത്തിൽ നിർണായകമാകും.
ഭരണത്തുടർച്ച ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലഡ്കി ബെഹൻ ധനസഹായ പദ്ധതിയടക്കമുള്ള ജനകീയ തീരുമാനങ്ങളിലാണ് മഹായൂതി ആദ്യം പ്രതീക്ഷ പുലർത്തിയിരുന്നത്. സമാന വാഗ്ദാനങ്ങളും ജാതി സെൻസസ്, സംവരണ പരിധി 50 ശതമാനത്തിൽ ഉയർത്തും എന്നുമുള്ള ഉറപ്പുമായാണ് എം.വി.എയുടെ പ്രചാരണം. കർഷകരോഷം ഉയരുകയും എം.വി.എ ജാതി സെൻസസ് കാർഡിറക്കുകയും ചെയ്തതോടെ ബി.ജെ.പി കടുത്ത ഹിന്ദുത്വ നിലപാടിലേക്ക് നീങ്ങി. വോട്ട് ജിഹാദ്, ധർമയുദ്ധം, ജാതി സമുദായം മറന്ന് ഹിന്ദുക്കൾ ഒന്നിച്ചില്ലെങ്കിൽ നിലംപരിശാക്കപ്പെടുമെന്ന് സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് ബി.ജെ.പി അവസാനഘട്ടത്തിൽ രംഗത്തിറങ്ങിയത്. ഇത് ബി.ജെ.പിയിലെതന്നെ നേതാക്കളെയും മഹായുതി സഖ്യകക്ഷികളെയും പ്രയാസത്തിലാക്കി.
ഏറെ നാടകങ്ങൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. മൂന്ന് മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരും. ആദ്യം ദേവേന്ദ്ര ഫഡ്നാവിസിന്റെ മൂന്നുദിവസം നീണ്ട സർക്കാർ. ഒരിക്കലും പ്രതീക്ഷിക്കാത്ത എം.വി.എ സഖ്യത്തിന്റെ പിറവി. പിന്നെ ഉദ്ധവ് താക്കറെയെ മുഖ്യനാക്കി എം.വി.എ സർക്കാർ. ശിവസേന പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്ന് ഏക്നാഥ് ഷിൻഡെ മുഖ്യനായി. മൂന്ന് സർക്കാറിലും അജിത് പവാർ ഉപമുഖ്യനായിരുന്നു. എൻ.സി.പിയെ പിളർത്തിയാണ് ഷിൻഡെ മന്ത്രിസഭയിൽ അജിത് ഉപമുഖ്യനായത്. ഫഡ്നാവിസും ഉപമുഖ്യനായി. അജിത് ജ്യേഷ്ഠന്റെ മകനെ നേരിടുന്ന ബരാമതിയാണ് ഏറെ ശ്രദ്ധേയമായ മണ്ഡലം. 288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.