മുംബൈ: ഹിന്ദുത്വരാഷ്ട്രീയത്തിെൻറ സൈദ്ധാന്തികൻ വി.ഡി സവർക്കറുടെ ജീവിതം ആസ്പദമാക്കി ബോളിവുഡ് ചിത്രം വരുന്നു. സവർക്കറുടെ 138ാം ജന്മദിനമായ മെയ് 28നാണ് ' സ്വതന്ത്ര വീർ സവർക്കർ' എന്ന പേരിൽ ചിത്രത്തിെൻറ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചത്. നടൻ മഹേഷ് മഞ്ജരേക്കർ ആണ് സിനിമ സംവിധാനം ചെയ്യുക. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്യുക.
''വീർ സവർക്കറുടെ ജീവിതം എന്നെ വളരെയേറെ ആകർഷിച്ചു. അദ്ദേഹത്തിന് ചരിത്രത്തിൽ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു പാട് ആകർഷിച്ചിട്ടുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ ഇത് എെൻറ മുന്നിൽ വലിയ വെല്ലുവിളിയാണ്'' -മഹേഷ് മഞ്ജരേക്കർ പറഞ്ഞു.
''സവർക്കർ തുല്യ അളവിൽ ബഹുമാനിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ഇന്ന് വിഭജന രാഷ്ട്രീയത്തിെൻറ പ്രതീകമാക്കിയത് ആളുകൾക്ക് അറിവില്ലാത്തതിനാലാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായിരുന്നു എന്നത് ആർക്കും നിഷേധിക്കാനാവില്ല'' -നിർമാതാവ് സന്ദീപ് സിങ് പറഞ്ഞു.
സംഘ്പരിവാർ വീരനായകനായി ചിത്രീകരിക്കുന്ന സവർക്കർ എന്നും വിവാദ നായകനാണ്. 1913ൽ ആൻഡമാൻ ജയിലിൽ നിന്നും അദ്ദേഹം എഴുതിയ കത്തിൽ ബ്രിട്ടീഷുകാരോട് മാപ്പ് അഭ്യർഥിച്ചിരുന്നു. തന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷ് സർക്കാറിനോടും ഭരണഘടനയോടും കൂറുള്ളവനായിരിക്കുമെന്ന് എഴുതിയ സവർക്കറിെൻറ കത്ത് പുറത്തായിരുന്നു. 1883ൽ ബാഗൂരിൽ ജനിച്ച സവർക്കർ 1966ൽ മുംബൈയിലാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.