മേജർ രാധിക സെന്നിന് 'യു.എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്കാരം

ന്യൂഡൽഹി: ഇന്ത്യൻ ആർമി മേജറായ രാധിക സെന്നിന് യു.എൻ ജെൻഡർ അഡ്വക്കേറ്റ് ഓഫ് ഇയർ അവാർഡ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷനിൽ 2023 മാർച്ച് മുതൽ 2024 ഏപ്രിൽ വരെ ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്‌മെന്‍റ് ബറ്റാലിയന്‍റെ കമാൻഡറായി രാധിക സെൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി സംസാരിച്ചതിനും പ്രവർത്തിച്ചതിനുമാണ് ഈ നേട്ടം. മെയ് 30 ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.

എട്ട് വർഷം മുമ്പാണ് മേജർ രാധിക സെൻ ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്. ബയോടെക്‌നോളജി എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഇവർ ബോംബെ ഐ.ഐ.ടി.യിൽ പഠിക്കുമ്പോഴാണ് സായുധ സേനയിൽ ചേരാൻ തീരുമാനിച്ചത്. ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്‌മെന്‍റ് ബറ്റാലിയനുമായുള്ള എൻഗേജ്‌മെന്‍റ് പ്ലാറ്റൂൺ കമാൻഡറായി 2023 മാർച്ചിൽ മോനുസ്‌കോയിൽ എത്തിയ സെൻ 2024 ഏപ്രിലിൽ തന്‍റെ കാലാവധി പൂർത്തിയാക്കി. സൗത്ത് സുഡാനിലെ യു.എൻ മിഷനിൽ സേവനമനുഷ്ഠിച്ച മേജർ സുമൻ ഗവാനിക്ക് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സമാധാന സേനാംഗമാണ് സെൻ. 2019 ലായിരുന്നു മേജർ സുമൻ ഗവാനിക്ക് യു.എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് പുരസ്കാരം ലഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിൽ 124 വനിതാ സൈനികരാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്.

യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് മേജർ സെന്നിന്‍റെ സേവനത്തെ അഭിനന്ദിച്ച് സംസാരിച്ചു. കോംഗോയിലെ നോർത്ത് കിവുവിൽ വർധിച്ചുവരുന്ന സംഘർഷത്തെക്കുറിച്ചും ഗുട്ടെറസ് പരാമർശിച്ചു. മേജർ സെന്നിന്‍റെ കീഴിൽ, സൈനികർ സംഘർഷഭരിതമായ സമൂഹങ്ങളോട്, പ്രത്യേകിച്ച് സ്ത്രീകളോടും പെൺകുട്ടികളോടും സംസാരിച്ചു. തനിക്ക് അവാർഡ് ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്‍റെ പങ്കിനെ അംഗീകരിച്ചതിൽ മേജർ സെൻ നന്ദി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന എല്ലാ സമാധാന സേനാംഗങ്ങളുടെയും കഠിനാധ്വാനത്തിനുള്ള ഈ അംഗീകാരം തനിക്ക് പ്രിയപ്പെട്ടതാണെന്നും ഇത് വഴി സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്നത് നൽകുമെന്നും മേജർ സെൻ പ്രതികരിച്ചു.

2016-ൽ ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ 'മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ്', സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 1325-ന്‍റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നവയാണ്. സമാധാന പരിപാലന പ്രവർത്തനങ്ങളിൽ സമ്മിശ്ര-ലിംഗ പങ്കാളിത്ത പട്രോളിംഗിന്‍റെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം നൽകുന്നത്. എല്ലാ സമാധാന പ്രവർത്തനങ്ങളിൽ നിന്നും ഫോഴ്‌സ് കമാൻഡർമാരും മിഷൻ മേധാവികളും നാമനിർദേശം ചെയ്യുന്ന വ്യക്തികളിൽ നിന്ന് ഓരോ വർഷവും അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നു.

Tags:    
News Summary - Major Radhika Sen awarded 'UN Military Gender Advocate of the Year'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.