ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിന് പുറമെ തമിഴ്നാട്ടിലും മറ്റു പാർട്ടി നേതാക്കളെ 'വലയിലാക്കി' ബി.ജെ.പി. തെന്നിന്ത്യൻ താരം കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം നേതാവ് എ. അരുണാചലം ബി.ജെ.പിയിൽ ചേർന്നു.
കമൽ ഹാസന്‍റെ പാർട്ടി നേരിടുന്ന പുതിയ പ്രതിസന്ധിയാകും ഇത്. അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പിയുടെ നീക്കം.
കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവ്ദേക്കറിന്റെ സാന്നിധ്യത്തിലായിരുന്നു അരുണാചലത്തിന്‍റെ ബി.ജെ.പി പ്രവേശനം. അടുത്തവർഷം ഏപ്രിൽ -മേയ് മാസങ്ങളിലാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കൊടുംപിരി കൊണ്ടതോടെ മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിൽ പ്രധാന സാന്നിധ്യമാകുമെന്ന് കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു. കൂടാതെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കരുത്തുതെളിയിച്ച അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.ഐ.എം പാർട്ടിയുമായി സംഖ്യമുണ്ടാക്കി മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിനിറങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അതേസമയം മറ്റുസംസ്ഥാനങ്ങളിൽ പയറ്റിതെളിഞ്ഞ അടവുമായി തമിഴ്നാട്ടിലേക്കും ബി.ജെ.പിയെത്തി. ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽനിന്ന് മന്ത്രിമാർ ഉൾപ്പെടെ നിരവധി നേതാക്കൾ കൊഴിഞ്ഞുപോകുകയും ബി.ജെ.പിയിൽ ചേരുകയും ചെയ്തു. കൂടുതൽ പേർ തൃണമൂൽ വിട്ട് ബി.ജെ.പി പാളയത്തിലെത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.