ബംഗളൂരു: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ സ്കൂൾ പഠനക്ലാസുകൾ ഒാൺലൈനിലേക്ക് മാറിയതോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ലാത്തവർക്ക് സഹായഹസ്തവുമായി മലയാളം മിഷൻ കർണാടക ചാപ്റ്റർ രംഗത്ത്. വീടുകളിൽ ലാപ്ടോപ്, സ്മാർട്ട് ഫോൺ തുടങ്ങിയവ ഇല്ലാതെ ഒാൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നവർക്കാണ് ആവശ്യമായ സഹായം ലഭ്യമാക്കുക. ജൂൺ ഒന്നിനുതന്നെ ഒാൺലൈൻ വഴി ക്ലാസുകൾ ആരംഭിച്ചെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പല കുടുംബങ്ങളിലെയും കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകുന്നില്ല.
കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ കുട്ടികൾക്കായി പുതിയ ലാപ്ടോപ്പും സ്മാർട്ഫോണും വാങ്ങിക്കൊടുക്കുക പ്രായോഗികമല്ല. ഈ പ്രതിസന്ധി മനസ്സിലാക്കിയാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കർണാടകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.ടി നഗരമായ ബംഗളൂരുവിൽ നിരവധി വീടുകളിൽ പഴയ ലാപ്ടോപ്, സ്മാർട്ഫോണുകൾ, ടാബുകൾ എന്നിവ ഉപയോഗിക്കാതെ ഇരിക്കുന്നുണ്ട്. ഇവ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചുനൽകുക എന്നതാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
മലയാളം മിഷെൻറ 400ലധികം ക്ലാസുകൾ വഴി ഈ സന്ദേശം പ്രചരിപ്പിച്ച് പദ്ധതി യഥാർഥ്യമാക്കും. കൂടാതെ അപ്പാർട്മെൻറുകൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിലെ കമ്മിറ്റികൾ മുഖേന പദ്ധതി വിജയിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. മലയാളം മിഷൻ ഉപദേശക സമിതി അംഗം ഗോപിനാഥ് അമ്പാടി മൂന്നു കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് കാലത്ത് മലയാളം മിഷൻ മുൻകൈയെടുത്ത് ബംഗളൂരുവിലെ എല്ലാ മലയാളി സംഘടനകളെയും സഹകരിപ്പിച്ച് ഹെൽപ് ഡെസ്ക് രൂപവത്കരിച്ച് നിരവധി സഹായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കർണാടകയിലെ മലയാളി സമൂഹത്തിൽ വളരെയേറെ പ്രശംസ നേടിയ ഈ പ്രവർത്തനങ്ങൾ കേരളത്തിലും ചർച്ചയായിരുന്നു.
ആയിരക്കണക്കിന് മലയാളികൾക്ക് ഗുണകരമായ ഈ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലക്ക് എല്ലാ സംഘടനകളുടെയും സഹകരണത്തോടെ ഈ പദ്ധതിയും നല്ലരീതിയിൽ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് മലയാളം മിഷൻ.
നഗരത്തിലെ സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്തുന്നതിൽ സഹായിക്കാനുള്ള ഈ ബൃഹദ്പദ്ധതിയിൽ എല്ലാവരും സഹകരിക്കണമെന്ന് മലയാളം മിഷൻ ഭാരവാഹികളായ ബിലു സി. നാരായണൻ, കെ. ദാമോദരൻ, ടോമി ആലുങ്കൽ എന്നിവർ അഭ്യർഥിച്ചു.
പഴയതും എന്നാൽ, പ്രവർത്തന ക്ഷമതയുള്ളതുമായ ലാപ്ടോപ്, സ്മാർട്ഫോൺ, ടാബ്ലറ്റ് എന്നിവ നൽകാൻ താൽപര്യമുള്ളവരും ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായിട്ടുള്ളവരും മലയാളം മിഷനുമായി ബന്ധപ്പെടമെന്ന് ബംഗളൂരു സൗത്ത് സോൺ കോഒാഡിനേറ്റർ ജോമോൻ സ്റ്റീഫൻ അറിയിച്ചു. 8884840022, 9035161130, 9535201630, 9448108801,9880770648.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.