ബംഗളൂരു: കോട്ടയം സ്വദേശി മുഹമ്മദ് സൽമാന് ഇന്ന് ജീവിതത്തിലെ അവിസ്മരണീയ ദിനമായിരുന്നു. മെയ്ക്ക് വിഷ് ഫൗണ്ടേഷനും ബംഗളൂരു സിറ്റി പൊലീസും ചേർന്ന് സംഘടിപ്പിക്കുന്ന 'കമീഷണറായി ഒരുദിനം' പദ്ധതിയുടെ ഭാഗമായി 14കാരനായ സൽമാൻ വ്യാഴാഴ്ച കോറമംഗല പൊലീസ് സ്റ്റേഷനിൽ 'കമീഷണറാ'യെത്തി. യൂനിഫോമണിഞ്ഞ് രാവിലെ 11ന് പൊലീസ് അകമ്പടിയിൽ എത്തിയ സൽമാനെ സല്യൂട്ട് നൽകി സ്റ്റേഷനിൽ സ്വീകരിച്ചു. അപൂർവ രോഗത്തിന്റെ പിടിയിൽ കഴിയുന്ന കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും അവരുടെ ജീവിത സ്വപ്നത്തിലേക്ക് ഒരുദിനമെങ്കിലും നയിക്കാനും ലക്ഷ്യമിട്ടാണ് മെയ്ക്ക് വിഷ് ഫൗണ്ടേഷനും ബംഗളൂരു സിറ്റി പൊലീസും 'കമീഷണറായി ഒരുദിനം' പദ്ധതി നടപ്പാക്കുന്നത്.
കോട്ടയം നാട്ടകം സ്വദേശിനിയും ഇല്ലിക്കലിൽ താമസക്കാരനുമായ മുജീബ്റഹ്മാൻ-ജാരിമോൾ ദമ്പതികളുടെ ഇളയ മകനാണ് കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സൽമാൻ. ഒന്നര വയസ്സുള്ളപ്പോഴായിരുന്നു സൽമാന് തലാസീമിയ രോഗം കണ്ടെത്തിയത്. കഴിഞ്ഞവർഷംവരെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. കോശം മാറ്റിവെക്കുന്നതിനായി ഇപ്പോൾ ബംഗളൂരു ബൊമ്മസാന്ദ്രയിലെ നാരായണ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സൽമാന് പിതാവ് മുജീബ്റഹ്മാൻ തന്നെയാണ് കോശദാതാവ്.
(മുഹമ്മദ് സൽമാൻ)
ഫുട്ബാളും സൈക്ലിങ്ങും ഏറെയിഷ്ടമാണ് സൽമാന്. രണ്ടുമൂന്നു വർഷംമുമ്പ് വീടിനടുത്ത് കോട്ടയം എസ്.പി അകമ്പടി വാഹനങ്ങളുമായി കുതിച്ചെത്തിയതുകണ്ട അന്നുമുതൽ സൽമാൻ മനസ്സിൽ കുറിച്ചിട്ടതാണ് ഐ.പി.എസുകാരനാകണമെന്നത്. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മെയ്ക്ക് വിഷ് ഫൗണ്ടേഷൻ പ്രവർത്തകർ ഒരുദിവസം സന്ദർശനത്തിനെത്തി.
ജീവിതത്തിൽ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചു. ഐ.പി.എസുകാരനാകണമെന്ന് മറുപടി. ഒരുദിവസം കമീഷണറായിരിക്കാൻ അവസരമൊരുക്കട്ടെ എന്നായി അവർ. അതെയെന്ന് മറുപടി പറഞ്ഞ സൽമാനോട് മൊബൈൽ ഫോൺ തരാം, സൈക്കിൾ തരാം എന്നൊക്കെ വളന്റിയർമാർ പരീക്ഷിക്കാൻ പറഞ്ഞുനോക്കി. വേണ്ട, എനിക്ക് കമീഷണറായാൽ മതിയെന്ന് സൽമാന്റെ ഉറച്ച മറുപടി. കൊച്ചുമിടുക്കന്റെ മനസ്സിൽ ആഗ്രഹം അത്രത്തോളം പതിഞ്ഞെന്ന് മനസ്സിലാക്കിയ വളന്റിയർമാർ അവനെ ഒരുദിവസത്തേക്ക് കമീഷണറാക്കാൻ തീരുമാനിച്ചു. യൂനിഫോം എല്ലാം അവർതന്നെ തയ്പിച്ച് റെഡിയാക്കി.
വ്യാഴാഴ്ച രാവിലെ മെയ്ക്ക് വിഷ് ഫൗണ്ടേഷൻ ഓഫിസിൽ കമീഷണറുടെ യൂനിഫോമണിഞ്ഞ് കാത്തുനിന്ന സൽമാനെ പിന്നീട് പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സൽമാന്റെ ജീവിതത്തിലെ അസുലഭ മുഹൂർത്തത്തിന് സാക്ഷികളാകാൻ പിതാവ് മുജീബും ഉമ്മ ജാരിമോളും സഹോദരി സുമയ്യയും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.