ശ്രീനഗർ: ഇന്ത്യ -പാകിസ്താൻ അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം ഇട്ടിവ പഞ്ചായത്തിലെ മണ്ണൂർ ആലുംമുക്ക് ശൂരനാട് വീട്ടിൽ അനീഷ് തോമസ് (36) ആണ് മരിച്ചത്.
രജൗരിയിലെ സുന്ദർബനി സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് അനീഷ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.30ക്കായിരുന്നു പാക് പ്രകോപനം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പാകിസ്താൻ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ബുധനാഴ്ച രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയ മൃതദേഹം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടു വരും. തുടർന്ന് പാങ്ങോട് സൈനിക ക്യാമ്പിലും ഉച്ചയോടെ വീട്ടിലുമെത്തിക്കും. പൊതുദർശനത്തിനുശേഷം ഉച്ചക്ക് രണ്ടിന് മണ്ണൂർ ആലുംമുക്ക് മർത്തശ്‌മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന (6 വയസ്). തോമസ്-അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്. 25ന് നാട്ടിൽ അവധിക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം.
മേജർ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.