ന്യൂഡൽഹി: തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിറ്റതിന് ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി പിടിയിൽ. മലയാളിയായ കെ.കെ. ആദിലാണ് അറസ്റ്റിലായത്. കൂടെ താമസിക്കുന്ന മലയാളിയായ സുഹൃത്ത് മുഖേനയാണ് ആദിൽ, തട്ടിപ്പുകാരനായ മറ്റൊരു മലയാളിക്ക് ബാങ്ക് അക്കൗണ്ട് വിറ്റത്. ഇതിന് 30,000 രൂപ പ്രതിഫലമായി കൈപ്പറ്റിയതായി ആദിൽ പൊലീസിനോട് വെളിപ്പെടുത്തി.
തന്റെ 10.35 ലക്ഷം രൂപ തട്ടിപ്പുസംഘം അടിച്ചുമാറ്റിയെന്ന ഒരു യുവതിയുടെ പരാതിയിൽ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദിലിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് അക്കൗണ്ട് തട്ടിപ്പ് സംഘത്തിന് കൈമാറിയ വിവരം യുവാവ് സമ്മതിച്ചത്.
ഉയർന്ന ലാഭവിഹിതം നൽകാമെന്ന വാഗ്ദാനം കേട്ടാണ് താൻ 10.35 ലക്ഷം തട്ടിപ്പുസംഘത്തിൽ നിക്ഷേപിച്ചതെന്ന് യുവതി പരാതിയിൽ പറഞ്ഞു. 100 മുതൽ 1000 രൂപ വരെയുള്ള ചെറിയ നിക്ഷേപങ്ങൾക്ക് തുടക്കത്തിൽ ഉയർന്ന വരുമാനം നൽകി ആളുകളുടെ വിശ്വാസം നേടിയാണ് വൻ തുക തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുസംഘത്തിന്റെ വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്താണ് പണം നൽകിയത്. ടെലഗ്രാം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവരെ പരിചയപ്പെട്ടത്. നിക്ഷേപിച്ച തുക പിൻവലിക്കാനാകാത്ത സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതിൽ 7.35 ലക്ഷം രൂപ ആദിലിന്റെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. തുടർന്നാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ 62 ലക്ഷത്തിലധികം രൂപ ആദിലിന്‍റെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നിക്ഷേപിച്ച തുകക്ക് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് പലരിൽനിന്ന് തട്ടിയെടുത്ത തുകയാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.