ക്വാലാലംപുർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും ഇതുമൂലം നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇന്ത്യക്കാരനായ റസ്റ്ററൻറ് ഉടമക്ക് അഞ്ചുമാസം തടവുശിക്ഷ. കേദ ജില്ലയിൽ സ്വന്തമായി റസ്റ്ററൻറ് നടത്തുന്ന 57കാരനാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ പേരുവിവരം ലഭ്യമായിട്ടില്ല.
മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. എന്നാൽ ജൂലൈയിൽ ഇന്ത്യയിൽനിന്ന് മലേഷ്യയിലെത്തിയ ഇയാൾ നിരീക്ഷണ മാനദണ്ഡങ്ങൾ ലംഘിക്കുകയും റസ്റ്ററൻറിൽ എത്തുകയുമായിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കാൻ ഇടയായെന്ന് കോടതി കണ്ടെത്തി. 12,000 മലേഷ്യൻ റിംഗറ്റ് പിഴയൊടുക്കാനും മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
ഇന്ത്യയിൽനിന്ന് മലേഷ്യയിലെത്തിയ ഇയാളുടെ ആദ്യ കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് ക്വാറൻറീൻ ലംഘിച്ച് സ്വന്തം റസ്റ്ററൻറിൽ പോകുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾക്കും കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും റസ്റ്ററൻറിൽ എത്തിയവർക്കും രോഗം സ്ഥിരീകരിച്ചു. 45 പേർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. മലേഷ്യയിൽ കോവിഡ് നിയന്ത്രിതമായതോടെ മേയ് മുതൽ ഇളവുകൾ നൽകിയിരുന്നു. എന്നാൽ വിദേശത്തുനിന്നെത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ് മാർഗനിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.