മാലദ്വീപ്​ മോഡൽ വികസനം ലക്ഷദ്വീപിനെ നശിപ്പിക്കും; മുന്നറിയിപ്പുമായി വിദഗ്​ധർ

ലക്ഷദ്വീപിൽ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പ​ട്ടേലിൻെറ നേതൃത്വത്തിൽ നടക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ്​ അലയടിക്കു​ന്നത്​. ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാലദ്വീപിനെ പോലെ ലക്ഷദ്വീപിനെ മാറ്റാനാണ്​ ലക്ഷ്യമിടുന്നതെന്ന്​ പറഞ്ഞാണ്​ അദ്ദേഹം ഇതിനെ പ്രതിരോധിക്കുന്നത്​. എന്നാൽ, ഇതിനെതിരെ ഈ മേഖലയിലെ വിദഗ്​ധർ തന്നെ രംഗത്തുവന്നിരിക്കുകയാണ്​.

മാലദ്വീപിൽനിന്ന്​ ഏറെ വ്യത്യസ്​തമായ സാഹചര്യമാണ്​ ഇവിടെയുള്ളതെന്നും ഇത്തരം നടപടികൾ ലക്ഷദ്വീപിനെ നശിപ്പിക്കുമെന്നും മറൈൻ ബയോളജിസ്​റ്റും നാച്വർ കൺസർവേഷൻ ഫൗണ്ടേഷനിലെ ശാസ്​ത്രജ്​ഞനുമായ രോഹൻ ആർതർ ചൂണ്ടിക്കാട്ടുന്നു.

ലക്ഷദ്വീപിൻെറ ഭാവി ആശങ്കയിലാക്കുന്ന നടപടികളാണ്​ ഉണ്ടാകുന്നതെന്ന്​ കഴിഞ്ഞ 20 വർഷമായി ഇവിടെ​ പഠനം നടത്തുന്ന ഇദ്ദേഹം പറയുന്നു. കാലാവസ്ഥാ വ്യതിയാനം ദ്വീപിനെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ്​ ഇവിടെ വമ്പൻ വികസനങ്ങൾ കൊണ്ടുവരാൻ പോകുന്നത്​. ഇത്​ ദ്വീപുകളുടെ നാശത്തിന്​ വഴിവെക്കും.


ഒറ്റനോട്ടത്തിൽ മാലദ്വീപുമായി എല്ലാ രീതിയിലും രൂപത്തിലും ലക്ഷദ്വീപിന്​ സാമ്യമുണ്ട്. എന്നാൽ, അവ തമ്മിലെ വ്യത്യാസങ്ങൾ കാണാതെ പോകരുത്​. ഒന്നാമതായി, മാലദ്വീപിലെ ജനസാന്ദ്രത ലക്ഷദ്വീപിനേക്കാൾ പകുതിയാണ്. മാലദ്വീപിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ജനവാസമില്ലാത്ത ദ്വീപുകൾ ധാരാളമുണ്ട്. കൂടാതെ അവിടെ പ്രചാരത്തിലുള്ള ടൂറിസത്തിൻെറ മാതൃക അനുസരിച്ച്​ നാട്ടുകാർക്ക്​ പറയത്തക്ക പ്രയോജനം ഒന്നും ലഭിക്കുന്നില്ല. ഉയർന്ന നിലവാരമുള്ള ടൂറിസം ഉണ്ടായിട്ടും വിദേശ കുത്തക കമ്പനികളാണ്​ നേട്ടം കൊയ്യുന്നത്.

മാലദ്വീപിൽ പവിഴപ്പുറ്റുകൾ കേന്ദ്രീകരിച്ചുള്ള റീഫ്​ ഫിഷിംഗ് ധാരാളമുണ്ട്​. ഇത്​ ടൂറിസം വ്യവസായത്തെ സഹായിക്കുന്നു. ലക്ഷദ്വീപിൽ, വാണിജ്യപരമായി റീഫ് ഫിഷിംഗ് ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്​ ആരംഭിക്കുന്നത്​. എന്നാൽ, അത് തന്നെ ആശങ്കാജനകമാണ്. ടൂറിസം വരുത്തുന്ന അധിക സമ്മർദ്ദങ്ങൾ കാരണം ഇവ പാരിസ്​ഥിതിക പ്രശ്​നങ്ങൾക്ക്​ വഴിവെക്കും.

കാലാവസ്ഥാ വ്യതിയാനമാണ് ലക്ഷദ്വീപ് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രശ്നം. അടുത്ത രണ്ട് ദശകങ്ങൾക്കുശേഷം ഈ ദ്വീപുകൾ എങ്ങനെയാണ്​ വാസയോഗ്യമാവുക എന്നതിനെ കുറിച്ച്​ ആശങ്കയുണ്ട്​. ഇവിടെയുള്ള പവിഴപ്പുറ്റുകളുടെ സംരക്ഷണം ഈ നിലയിൽ പോയാൽ അടുത്ത നൂറ്റാണ്ടോടെ​ ഉണ്ടാകാൻ സാധ്യതയില്ലെന്ന്​ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സമുദ്രനിരപ്പിൽനിന്ന്​ 2-3 മീറ്റർ മാത്രമാണ്​ വിവിധ ദ്വീപുകളിൽ ഏറ്റവും ഉയരമുള്ള സ്ഥലം നിലനിൽക്കുന്നത്​. ഇതിനാൽ കൊടുങ്കാറ്റും തിരമാലകളും വലിയ നാശമാണ്​ വരുത്തുന്നത്​. എന്നാൽ, ഒരു ഭാഗത്ത്​ പവിഴപ്പുറ്റുകളുടെ സംരക്ഷണമുള്ളതിനാൽ ദ്വീപുകൾ താരതമ്യേന സുരക്ഷിതമായി തുടരുകയാണ്​.


നിരന്തരം സ്വയം നവീകരിക്കപ്പെടുകയും വളരുകയും ചെയ്യുന്ന പവിഴപ്പുറ്റുകളാണ്​ ഈ ദ്വീപിനെ സംരക്ഷിക്കുന്നത്​. എന്നാൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്വയം നവീകരിക്കാനുള്ള ഇവയുടെ കഴിവ്​ കുറയുകയും പവിഴപ്പുറ്റുകൾ നശിക്കുകയും ചെയ്യുന്നു​. സമുദ്രതാപനമാണ്​ ഇതിന് പ്രധാന​ കാരണം.

കവരത്തിയിൽ ഈയിടെ നടത്തിയ പഠനത്തിൽ പവിഴപ്പുറ്റുകൾ വളരുന്നതിനേക്കാൾ വേഗത്തിൽ നശിക്കുകയാണെന്ന്​ കണ്ടെത്തി. അതിനാൽ, ഈ സമയത്ത്​ കൂടുതൽ ടൂറിസം വികസനം ഒട്ടും യോജിച്ച നടപടിയല്ലെന്ന്​ രോഹൻ ആർതർ വ്യക്​തമാക്കുന്നു.

ഇനി ടൂറിസം വികസനം സാധ്യമല്ല -മുൻ അഡ്​മിനിസ്​ട്രേറ്റർ


ലക്ഷദ്വീപിൽ ഇതിനകം വികസിപ്പിച്ചതിനേക്കാൾ ടൂറിസം സാധ്യതകളില്ലെന്ന് വ്യക്തമാക്കുകയാണ്​​ ഡൽഹി സർക്കാറിൻെറ മുൻ ചീഫ്​ സെക്രട്ടറിയും ലക്ഷദ്വീപിലെ മുൻ അഡ്​മിനിസ്​ട്രേറ്ററുമായ ഒമേഷ്​ സൈഗൽ. 1190 ദ്വീപുകളാണ്​ മാലദ്വീപിലുള്ളത്​. അതിൽ നല്ലൊരു ശതമാനം ജനവാസമില്ലാത്തതാണ്​. എന്നാൽ, ലക്ഷദ്വീപിൽ ജനവാസമില്ലാത്ത 26 ദ്വീപുകളെയുള്ളൂ. ഇതിൽ ടൂറിസ്​റ്റ്​ റിസോർട്ടുകളുള്ള ര​ണ്ട്​ ദ്വീപുകൾ ഒഴികെ മറ്റുള്ളവ​ വളരെ ചെറുതോ അല്ലെങ്കിൽ എത്തിപ്പെടാൻ ബുദ്ധിമു​ട്ടോ ഉള്ള ഇടങ്ങളാണ്​.

കൂടാതെ ചതുരശ്ര കിലോമീറ്ററിന് 2,000 ആളുകളുള്ള രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമാണ് ലക്ഷദ്വീപ്. മാലദ്വീപുമായുള്ള താരതമ്യം ഉപരിവിപ്ലവമാണ്. ഒരു പ്രത്യേക രാജ്യമെന്ന നിലയിൽ ടൂറിസമല്ലാതെ മാലദ്വീപിന് മറ്റ് മാർഗമില്ല. എന്നാൽ, ലക്ഷദ്വീപിൻെറ സമ്പദ്‌വ്യവസ്ഥ മെയിൻലാൻഡുമായി ബന്ധപ്പെട്ടിരിക്കുന്നു.


ഉദാഹരണത്തിന് മിനിക്കോയ്, അഗത്തി തുടങ്ങിയ ദ്വീപുകളിൽനിന്നുള്ള നൂറുകണക്കിന് പേർ നാവികരാണ്. അവർ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുകയാണ്​. വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ്, മെഡിക്കൽ, മറ്റ് ഉന്നത പഠനത്തിനായി കേരളമടക്കമുള്ള സംസ്​ഥാനങ്ങളിലേക്ക്​ പോകുന്നു. ഗുരുതരമായ രോഗികളെ കേരളത്തിലെ ആശുപത്രികളിലേക്ക് മാറ്റുന്നു. കൂടാതെ കേന്ദ്ര സർക്കാർ ജോലി ച്ചെയുന്നവരും നിരവധി​ പേരാണ്​. ഈ ബന്ധങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അല്ലാതെ ജനദ്രോഹ നിയമങ്ങൾ കൊണ്ടുവന്ന്​ ദുർബലപ്പെടുത്തുകയല്ല വേണ്ടതെന്നും മുൻ അഡ്​മിനിസ്​ട്രേറ്റർ ഒമേഷ്​ സൈഗൽ പറയുന്നു.

Tags:    
News Summary - Maldives model development will destroy Lakshadweep; Experts with caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.