ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി. പ്രഥമ വനിത സാജിദ മുഹമ്മദും ഉന്നതതല സംഘവും മുയിസുവിനെ അനുഗമിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉന്നതതല ഉദ്യോഗസ്ഥർ അടക്കമുള്ളവരുമായി മാലദ്വീപ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും മാലദ്വീപും ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാല് മാസത്തിനിടെ രണ്ടാമത്തെ സന്ദർശനവും ആദ്യത്തെ ഔദ്യോഗിക സന്ദർശനവുമാണ് മുയിസുവിന്‍റേത്. മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തിരുന്നു.
ഇന്ത്യ-മാലദ്വീപ് ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് സന്ദർശനം കൊണ്ട് മാലദ്വീപ് ലക്ഷ്യമിടുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുഹമ്മദ് മുയിസുവും ആഗസ്റ്റ് 10ന് കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയ്ശങ്കർ മാലദ്വീപിലെത്തിയത്.
ചൈനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന നേതാവായിരുന്നു മുയിസു. മുയിസു ഒമ്പത് മാസം മുമ്പ് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു. അധികാരത്തിൽ വന്ന ശേഷം മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ശക്തമായി ആവശ്യപ്പെട്ടിരുന്നു. മുയിസു സർക്കാരിലെ മന്ത്രിമാർ ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്.
ഇതോടെ മാലദ്വീപിന് നൽകിവന്ന സഹായം ഇന്ത്യ നിർത്തി. ഇന്ത്യയിൽ നിന്നുള്ള ടൂറിസവും നിലച്ചു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് കണ്ടപ്പോൾ മാലദ്വീപ് ഇന്ത്യയോട് മാപ്പു പറഞ്ഞു. തുടർന്ന് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം ഇരുരാജ്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടായി. മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് മുയിസുവിനും ക്ഷണിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ജയ്ശങ്കർ മാലദ്വീപ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.