മുംബൈ: ആറോളം പേരുടെ മരണത്തിനും നൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ രണ്ടാം മാലേഗാവ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 13 വർഷം തികയുന്നു. പ്രജ്ഞാസിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴു പേർ പ്രതികളായ കേസിൽ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. യു.എ.പി.എ ചുമത്തിയാണ് വിചാരണ. അതിന് മുമ്പ് 2006ൽ മാലേഗാവിൽ 35 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ഇതേ സംഘത്തിന്‍റെ ഇടപെടലുകൾ കണ്ടെത്തിയിരുന്നു. മുഖ്യപ്രതികളിലൊരാളയ പ്രജ്ഞാസിങ് ഠാക്കൂർ നിലവിൽ ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്.
ചെറിയപെരുന്നാൾ ആഘോഷത്തിനായി ജനങ്ങൾ ഒരുങ്ങുന്നതിനിടെ 2008 സെപ്റ്റംബർ 29 ന് രാത്രിയാണ് മാലേഗാവിലെ ഭിക്കു ചൗക്കിൽ സ്ഫോടനമുണ്ടായത്. കേസന്വേഷണം ഏറ്റെടുത്ത ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ് ) സ്ഫോടനം നടന്ന് മാസത്തിനകം പ്രതികളെ പിടികൂടി. പ്രജ്ഞാസിങ്ങ് ഠാക്കൂറാണ് ആദ്യം അറസ്റ്റിലായത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് രൂപംനൽകിയ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് എ.ടി.എസിന്റെ കണ്ടെത്തൽ. സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ എന്ന നിലക്ക് സംഘടനയിൽ നുഴഞ്ഞു കയറിയതാണെന്നും സ്ഫോടനത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നുമാണ് പുരോഹിതന്റെ എതിർവാദം.
മുംബൈ ഭീകരാക്രമണത്തിൽ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടതിന് ശേഷം കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ ഐ എ ) കൈമാറി. സ്ഫോടന കൂടിയാലോചനയുമായി ബന്ധപ്പെട്ട് എടിഎസ് കണ്ടെത്തിയ തെളിവുകളും രേഖകളും കാണാനില്ലെന്നാണ് എൻ ഐ എ ഇപ്പോൾ കോടതിയിൽ പറഞ്ഞത്. കേസിൽ 198 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. അറുപതിലേറെ പേരെക്കൂടി വിസ്തരിക്കാനുണ്ടെന്ന് എൻ.ഐ.എ ഈയിടെ കോടതിയെ അറിയിച്ചത്.
2007ലെ മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് ട്രെയിന്‍, 2006, 2008 മാലേഗാവ് തുടങ്ങിയ സ്ഫോടനങ്ങള്‍ക്കു പിന്നിൽ ഹിന്ദുത്വ സംഘടനകളാണെന്ന മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. പല നടുക്കുന്ന യാഥാർഥ്യങ്ങളിലേക്കും ഇത് വിരൽ ചൂണ്ടി.
കുറ്റസമ്മതം ഒഴികെ മറ്റൊരു തെളിവുമില്ലാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര എ.ടി.എസും പിന്നീട് സി.ബി.ഐയും പ്രതികളാക്കിയ ഒമ്പതു മുസ്ലിം യുവാക്കളെ 37 പേര്‍ മരിച്ച 2006ലെ മാലേഗാവ് സ്ഫോടനക്കേസില്‍നിന്ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി പിന്നീട് കുറ്റമുക്തരാക്കിയിരുന്നു. ആര്‍.ഡി.എക്സ് ഉപയോഗിച്ചാണ് സ്ഫോടനമെന്ന് പറഞ്ഞായിരുന്നു മുന്‍ സിമി പ്രവര്‍ത്തകരായ ഒമ്പതു യുവാക്കളെ 2006ല്‍ കെ.പി. രംഘുവംശിയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘം അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയൊ തീവ്രവാദസംഘടനകളൊ വഴി സിമി പ്രവര്‍ത്തകര്‍ക്കല്ലാതെ ഉഗ്ര സ്ഫോടകവസ്തുവായ ആര്‍.ഡി.എക്സ് കിട്ടുകയില്ലെന്നായിരുന്നു രാജ്യത്തെ തീവ്രവാദക്കേസുകള്‍ അന്വേഷിച്ച ഏജന്‍സികളും ഇന്‍റലിജന്‍സ് ബ്യൂറോയും പറഞ്ഞുപറഞ്ഞ്് സത്യമാക്കിത്തീര്‍ത്തത്. തുടര്‍ന്ന് ആര്‍.ഡി.എക്സ് ഉപയോഗിച്ചുള്ള സ്ഫോടനങ്ങള്‍ക്ക് പിന്നിലെല്ലാം സിമിയാണെന്ന് ആളുകള്‍ വിശ്വസിച്ചുപോന്നു.
2008ലെ രണ്ടാം മാലേഗാവ് സ്ഫോടനത്തോടെയാണത് ഒരുവിധം തിരുത്തപ്പെട്ടത്. തിരുത്തിയത് തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സികളിലൊന്നായ മഹാരാഷ്ട്ര എ.ടി.എസ് തന്നെ. എന്നാല്‍, അന്ന് അതിന്‍െറ തലപ്പത്ത് ഹേമന്ത് കര്‍ക്കറെയായിരുന്നു. മുസ്ലിം യുവാക്കളുടെ പേരില്‍ ചാര്‍ത്തപ്പെട്ട, ആര്‍.ഡി.എക്സ് ഉപയോഗിച്ച് നടത്തിയ രാജ്യത്തെ പല സ്ഫോടനങ്ങള്‍ക്കും പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനകളാണെന്ന് അതോടെ വെളിപ്പെട്ടു. പണത്തിനുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്ന ചാരന്മാരെ ഉപയോഗിച്ച് പൊലീസ് നെയ്ത വലയില്‍ വീണവരാണ് 2006ലെ മാലേഗാവ് സ്ഫോടനക്കേസില്‍ കോടതി കുറ്റമുക്തരാക്കിയ യുവാക്കള്‍.
2006ല്‍ എ.ടി.എസ് അറസ്റ്റിലായ ഒമ്പതു യുവാക്കളില്‍ മുഹമ്മദലി, ജുനൈദ് എന്ന ബഷീര്‍ ഖാന്‍ എന്നിവര്‍ ഒഴികെ മറ്റ് ഏഴുപേര്‍ക്ക് ജാമ്യംകിട്ടുന്നത് 2011ല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തതോടെയാണ്. തുടര്‍ന്ന് പ്രതികളില്‍ ശാസ്ത്രീയപരിശോധന നടത്തിയ എന്‍.ഐ.എ, അറസ്റ്റിലായ സിമി പ്രവര്‍ത്തകര്‍ക്കെതിരെ തെളിവുകളില്ളെന്നും ആയതിനാല്‍ ജാമ്യം തടയുന്നില്ളെന്നും കോടതിയെ അറിയിക്കുകയായിരുന്നു. അതോടെ, നൂറുല്‍ ഹുദ, ശബീര്‍ മസീഹുല്ല, റയീസ് അഹമ്മദ്, ഡോ. സല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂമി, സാഹിദ് അന്‍സാരി, അബ്റാര്‍ അഹമ്മദ്, മുഹമ്മദലി ശൈഖ്, ബശീര്‍ ഖാന്‍ എന്നിവര്‍ക്ക് മകോക കോടതി 2012ല്‍ ജാമ്യം അനുവദിച്ചു. മുംബൈ ട്രെയിന്‍ സ്ഫോടനപരമ്പര കേസില്‍ പ്രതികളായ മുഹമ്മദലി ശൈഖ്, ബഷീര്‍ ഖാന്‍ എന്നിവരൊഴിച്ചുള്ളവര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഘ്പരിവാര്‍ ബന്ധമുള്ള സുമേര്‍ താക്കൂര്‍ എന്ന മനോഹര്‍ നരിവാല, ദശരഥ് എന്ന രാജേന്ദ്ര ഛൗധരി, ദന്‍ സിങ്, ലോകേഷ് ശര്‍മ എന്നിവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പ്രത്യേക കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നിട്ടും മുസ്ലിം യുവാക്കളെ കുറ്റമുക്തരാക്കാനുള്ള നടപടികള്‍ കെട്ടിക്കിടക്കുകയായിരുന്നു.
ആര്‍.എസ്.എസ് പ്രചാരകായിരുന്ന സുനില്‍ ജോഷിയുടെ നേതൃത്വത്തില്‍ ഇന്‍ഡോറില്‍ നടന്ന ക്യാമ്പിലെ അംഗങ്ങളാണ് മാലേഗാവ് സ്ഫോടനം നടത്തിയതെന്നാണ് പിന്നീട് എന്‍.ഐ.എ കണ്ടത്തെിയത്. 2007ല്‍ സുനില്‍ ജോഷി കൊല്ലപ്പെട്ടു. കേസില്‍ പിടികിട്ടാപ്പുള്ളിയായ രാംചന്ദ്ര കല്‍സങ്കരയാണ് മറ്റൊരു പ്രധാനി. 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് അറസ്റ്റ് ചെയ്ത കേണല്‍ ശ്രീകാന്ത് പുരോഹിത്, സന്യാസിമാരായ ദയാനന്ദ പാണ്ഡെ, പ്രജ്ഞാ സിങ് ഠാക്കൂര്‍, റിട്ട. മേജര്‍ ഉപാധ്യായ് തുടങ്ങിയവരില്‍നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് പുരോഹിത് സ്ഫോടനങ്ങള്‍ നടത്താനായി സര്‍ക്കാറിന്‍െറ പണംതന്നെ വിനിയോഗിച്ചതായും കശ്മീര്‍ തീവ്രവാദികളില്‍നിന്ന് കണ്ടെടുത്ത ആര്‍.ഡി.എക്സും മറ്റ് ആയുധങ്ങളും മുസ്ലിം യുവാക്കളെ ഉപയോഗിച്ച് കടത്തിയതായും കണ്ടത്തെിയിരുന്നു. മഹാരാഷ്ട്രയിലെ സൈനിക സ്കൂളുകളില്‍ രഹസ്യമായി ബോംബ് നിര്‍മിക്കുന്നതിനും സ്ഫോടനം നടത്തുന്നതിനും പരിശീലനം നല്‍കിയതായും കണ്ടത്തെുകയുണ്ടായി. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ കര്‍ക്കറെ വെടിയേറ്റ് മരിച്ചതോടെ ആ കണ്ടത്തെലുകളും വിസ്മൃതിയിലാവുകയാണ് ചെയ്തത്.
2014ല്‍ രാജ്യത്തെ രാഷ്ട്രീയസാഹചര്യം മാറിയതോടെ തീവ്ര ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റിലായ സ്ഫോടനക്കേസുകളില്‍ ഏജന്‍സികള്‍ക്കും സര്‍ക്കാറിനും ഉത്സാഹം കുറയുന്നതാണ് കണ്ടത്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് എതിരെ മൃദുസമീപനം സ്വീകരിക്കാന്‍ എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഖേന സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് കേസിലെ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയത് വിവാദമാവുകയും ചെയ്തു. 2006ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുസ്ലിം യുവാക്കള്‍ക്ക് എതിരെ തെളിവില്ളെന്നുപറഞ്ഞ എന്‍.ഐ.എ കുറ്റമുക്തരാക്കാനുള്ള തെളിവുകള്‍ ഇല്ളെന്നാണ് പിന്നീട് കോടതി മുമ്പാകെ പറഞ്ഞത്. എന്നാല്‍, കോടതി വഴങ്ങിയില്ല. കരിനിയമമായ പോട്ടക്ക് ബദലായി മഹാരാഷ്ട്ര കൊണ്ടുവന്ന മകോക നിയമമാണ് നിരപരാധികളെ തളച്ചിടുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത്. മകോക പ്രകാരം പ്രതിയുടെ കുറ്റസമ്മതമൊഴി കേസില്‍ തെളിവായി കണക്കാക്കും. പ്രതി സ്വന്തം കൃത്യത്തെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും നല്‍കിയ കുറ്റസമ്മതമൊഴി മതി; ശാസ്ത്രീയ തെളിവുകള്‍ ആവശ്യമില്ല. ഇത്തരം കുറ്റസമ്മതമൊഴികള്‍ മാറ്റിവെച്ചാല്‍ സിമി പ്രവര്‍ത്തകര്‍ക്ക് എതിരെ ശാസ്ത്രീയ തെളിവുകളില്ളെന്നതാണ് യാഥാര്‍ഥ്യം. കൊടും പീഡനമുറകളിലൂടെയാണ് പ്രതികളെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്ന് പിന്നീട് ആം ആദ്മി പാര്‍ട്ടി നേതാവായ മുന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആശിഷ് കേതന്‍ കണ്ടത്തെിയിരുന്നു. പ്രതികളെ മാത്രമല്ല, അവരുടെ ഉറ്റവരെയും കൊടിയ പീഡനങ്ങള്‍ക്കും മാനഹാനിക്കും വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനപരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട 12 സിമി പ്രവര്‍ത്തകര്‍ക്ക് പ്രതികൂലമായതും അവരുടെ മകോക പ്രകാരമുള്ള കുറ്റസമ്മതമൊഴിയാണ്. ബോംബ് സ്ഥാപിച്ചതായി കുറ്റസമ്മതം നടത്തിയ അഞ്ചുപേര്‍ക്ക് വധശിക്ഷയും ബോംബ് നിര്‍മാണത്തില്‍ പങ്കാളികളാവുകയും മറ്റ് സഹായങ്ങള്‍ ചെയ്യുകയും ചെയ്തതായി കുറ്റം സമ്മതിച്ചവര്‍ക്ക് ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. 2006ലെ സ്ഫോടനം നടത്തിയവരാരെന്നതില്‍ അന്ന് എ.ടി.എസ് മേധാവിയായിരുന്ന കെ.പി. രഘുവംശിയും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന രാകേഷ് മാരിയയും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. രഘുവംശി സിമി പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരിലേക്കാണ് മാരിയ വിരല്‍ ചൂണ്ടിയത്. പ്രധാന പ്രതിയെന്നാരോപിച്ച ആളെ മാരിയ പിടികൂടുകയും ചെയ്തിരുന്നു. അതേസമയം, 2010ലെ പുണെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ കുറ്റസമ്മതം നടത്തിയ ഇമായത്ത് ബേഗിന് മകോക കോടതി വിധിച്ച വധശിക്ഷ ബോംബെ ഹൈകോടതി തള്ളുകയാണ് ചെയ്തത്. സ്ഫോടനം നടത്തിയെന്ന കുറ്റം തള്ളിയ ഹൈകോടതി തന്‍െറ സൈബര്‍ കഫേയില്‍ ആര്‍.ഡി.എക്സ് സൂക്ഷിച്ചെന്ന കേസില്‍ ജീവപര്യന്തം വിധിക്കുകയാണ് ചെയ്തത്. തീവ്രവാദക്കേസുകളില്‍ പൊലീസ് ആരുടെയോ നിര്‍ദേശങ്ങള്‍ക്ക് ഒത്താണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപിക്കുന്നത്. രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുകയാണെന്നത് നേരുതന്നെ. പാര്‍ട്ടികള്‍ ഏതായാലും ഭരണത്തിലിരിക്കുന്നവര്‍ രാഷ്ട്രീയലാഭത്തിനായി ചരടുവലികള്‍ നടത്തുന്നു. എന്നാല്‍, യഥാര്‍ഥപ്രതികള്‍ പിടിയിലാവാത്തിടത്തോളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാകില്ല എന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.