ന്യൂഡൽഹി: മാലേഗാവ് സ്ഫോടനകേസിലെ കുറ്റാരോപിതനായ ലഫ്. കേണൽ പ്രസാദ് പുരോഹിതിന്റെ ഹരജി വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീംകോടതി ബോംബെ ഹൈകോടതിയോട് ആവശ്യപ്പെട്ടു. തന്നെ വിചാരണചെയ്യാൻ സർക്കാർ നൽകിയ അനുമതി നിയമപരമല്ലെന്ന് അവകാശപ്പെട്ട് പുരോഹിത് ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ വൈകാതെ തീർപ്പുണ്ടാക്കാനാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.
സർക്കാറിന്റെ അനുമതി റദ്ദാക്കണമെന്ന ആവശ്യം 2017ൽ ഹൈകോടതി നിഷേധിച്ചിരുന്നു. നേരത്തേ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രത്യേക എൻ.ഐ.എ കോടതിയും തള്ളി. കേസിനാധാരമായ സംഭവം നടക്കുന്ന വേളയിൽ പുരോഹിത് സൈനിക ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ വിചാരണക്ക് മുൻകൂർ അനുമതി വേണം. 2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ കുറ്റാരോപിതരായ ഏഴുപേരും ഇപ്പോൾ ജാമ്യത്തിലാണ്. ചെറിയപെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് മാലേഗാവിലെ പള്ളിക്കുസമീപം സ്ഫോടനമുണ്ടായത്. കേസ് ഏറ്റെടുത്ത ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) സ്ഫോടനം നടന്ന് മാസത്തിനകം പ്രതികളെ പിടികൂടി. പ്രജ്ഞാസിങ് ഠാകുറാണ് ആദ്യം അറസ്റ്റിലായത്.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ കേണൽ പുരോഹിത് രൂപം നൽകിയ തീവ്ര ഹിന്ദുത്വ സംഘടന 'അഭിനവ് ഭാരതാ'ണ് സ്ഫോടനത്തിനുപിന്നിലെന്നാണ് എ.ടി.എസ് കണ്ടെത്തൽ. എന്നാൽ, ഇന്റലിജൻസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സംഘടനയിൽ നുഴഞ്ഞുകയറിയതാണെന്നായിരുന്നു പുരോഹിതിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.