ഖാർഗെ നൽകിയത് വിയോജിപ്പിനും ഇടമു​ണ്ടെന്ന സന്ദേശം

ന്യൂഡൽഹി: നേതൃത്വത്തെ ചോദ്യംചെയ്ത ‘ജി -23’യിലെ ശശി തരൂരിനെയും ആനന്ദ് ശർമയെയും മുകുൾ വാസ്നികിനെയും രാജസ്ഥാനിൽ പതിവ് പ്രശ്നക്കാരനായ സചിൻ പൈലറ്റിനെയും പാർട്ടിയുടെ പരമാധികാര സഭയിൽ ഉൾപ്പെടുത്തിയതിലൂടെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയിൽ വിയോജിപ്പിനും ഇടമു​​ണ്ടെന്ന സന്ദേശം നൽകാൻ മല്ലികാർജുൻ ഖാർ​ഗെക്കായി. തന്റെ നേതൃത്വത്തിൽ ഒത്തൊരുമയോടെ പാർട്ടിയെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് കൊണ്ടുപോകുമെന്ന ഖാർഗെയുടെ നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്നതാണ് പ്രവർത്തകസമിതി പുനഃസംഘടന.

അതേസമയം, കോൺഗ്രസ് അധ്യക്ഷപദവിയിലെത്തി ഏറക്കുറെ 10 മാസത്തിന് ശേഷം വളരെ സാഹ​സപ്പെട്ട് മല്ലികാർജുൻ ഖാർഗെ പാർട്ടിയുടെ പരമാധികാരസഭ പുനഃസംഘടിപ്പിച്ചപ്പോൾ ഉദയ്പുർ ചിന്തൻ ശിവിറിലും റായ്പുർ പ്ലീനറിയിലും നടത്തിയ ‘യുവാക്കൾക്ക് 50 ശതമാനം പ്രാതിനിധ്യം’ എന്ന വാഗ്ദാനം പാഴ്വാക്കായി.

കേവലം മൂന്ന് പേരാണ് 39 അംഗ പ്രവർത്തകസമിതിയിൽ 50 വയസ്സിന് താഴെയുള്ളവരായി വന്നത് സചിൻ പൈലറ്റും ഗൗരവ് ഗോഗോയിയും കമലേശ്വർ പട്ടേലും. ജി -23യിൽ കോൺഗ്രസുമായുള്ള പൊക്കിൾക്കൊടി ബന്ധം ഉപേക്ഷിച്ച് കപിൽ സിബലും ഗുലാംനബി ആസാദും പടിയിറങ്ങിപ്പോയപ്പോഴും വിയോജിപ്പിന്റെ സ്വരം നിലനിർത്തി ശശി തരൂരിനെ പോലെ പാർട്ടിക്കുള്ളിൽ പിടിച്ചുനിന്ന മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമക്കും മുകുൾ വാസ്നിക്കിനും പ്രവർത്തക സമിതിയിൽ ഇടംനൽകിയതിലൂടെ കോൺഗ്രസ് നൽകിയ സന്ദേശം പൂർണമായി.

ജി-23യിലെ മറ്റു മുഖങ്ങളായ മനീഷ് തിവാരിയെയും വീരപ്പ മൊയ്‍ലിയെയും പ്രത്യേക ക്ഷണിതാക്കളാക്കി. അതോടൊപ്പം ബഹുഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരുടെയും വികാരമാണ് ഗാന്ധികുടുംബം എന്ന യാഥാർഥ്യം ഉൾക്കൊണ്ട് ഗാന്ധികുടുംബത്തിന് പാർട്ടിയിലുള്ള അപ്രമാദിത്വം നിലനിർത്തുന്നതരത്തിൽ പ്രവർത്തകസമിതി നിർണയം നടത്തുകയും ചെയ്തു.

Tags:    
News Summary - Mallikarjun Khargekay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.