സമാധാനത്തോടെ മുന്നോട്ട് പോകാം, തെരഞ്ഞെടുപ്പിന് ശേഷം ഡാർജീലിങ്ങിലെത്തി മമത ബാനർജി

ഡാർജീലിങ്: ഡാർജീലിങ്ങിൽ 10 വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. ഗൂർഖ ലാന്‍ഡ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷന്‍ (ജി.ടി.എ) തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയതാണ് മമത. അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കില്ലെന്നും പരസ്പര സൗഹൃദത്തിൽ മുന്നോട്ട് പോകാമെന്നും മമത പറഞ്ഞു.

ബി.ജെ.പി, ഗൂർഖ ജൻമുക്തി മോർച്ച, ഗൂർഖ നാഷനൽ ലിബറേഷൻ ഫ്രണ്ട്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റെവലൂഷനറി മാർക്സിസ്റ്റ്, മറ്റ് ചെറുകിട സംഘടനകൾ തുടങ്ങി നിരവധി രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പുകൾക്കിടയിലാണ് 10 വർഷത്തിന് ശേഷം ജി.ടി.എയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

45 സീറ്റിൽ 27ലും ഭാരതീയ ഗൂർഖ പ്രജാതാന്ത്രിക് മോർച്ചയാണ് ജയിച്ചത്. തൃണമൂൽ അഞ്ച് സീറ്റുകളിലും ജയിച്ചു. പത്ത് സീറ്റുകളിലേക്ക് മത്സരിച്ച തൃണമൂലിന്‍റെ ജി.ടി.എ തെരഞ്ഞെടുപ്പിലെ ആദ്യ ജയമാണിത്.

തുടർച്ചയായി ഭൂകമ്പം രേഖപ്പെടുത്തുന്നിടമാണ് ഡാർജീലിങ്, കാലിംപോങ് തുടങ്ങിയ പ്രദേശങ്ങൾ. ഭൂകമ്പത്തെ ചെറുക്കുന്ന തരത്തിൽ പുതിയ നിർമിതികൾ കൊണ്ടുവരുമെന്ന് മമത വാഗ്ദാനം ചെയ്തു. ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രങ്ങളാക്കുമെന്നും വികസനപാത സൃഷ്ടിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

ഗൂർഖലാന്‍ഡ് എന്ന പുതിയ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് 1986ൽ നടന്ന സംഘർഷത്തിലൂടെയാണ് ജി.ടി.എ എന്ന ഭരണകൂടം വരുന്നത്. കാലിംപോങ്, ഡാർജീലിങ് എന്നീ ജില്ലകളിലായി 45 മണ്ഡലങ്ങൾ ഉൾപ്പെടുത്തി ​രൂപവത്കരിച്ച ഭരണകൂട വ്യവസ്ഥയാണ് ജി.ടി.എ. ഇവിടെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത് 2012ലാണ്. ഗൂർഖ ജൻമുക്തി മോർച്ച(ജി.ജെ.എം) എന്ന സഖ്യ കക്ഷിയാണ് അധികാരത്തിൽ വന്നത്.

2017ൽ ഇവിടെ 104 ദിവസം നീണ്ട് നിന്ന പ്രക്ഷോഭത്തിൽ 11 ഗൂർഖലാന്‍ഡ് അനുകൂലികളും ഒരു പൊലീസ് ഉദ്യോഗസ്ഥനും മരണപ്പെട്ടിരുന്നു. ജി.ജെ.എമ്മിന്‍റെ നേതൃത്ത്വത്തിലായിരുന്നു പ്രക്ഷോഭം. തൃണമൂൽ സർക്കാർ ഇവിടുത്തെ ജനങ്ങൾക്ക് മേൽ ബംഗാളി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെ എതിർത്തായിരുന്നു പ്രക്ഷോഭം. 

Tags:    
News Summary - Mamata Banerjee bats for peace, prosperity in Darjeeling hills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.