കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ വൻ വിജയം കൈവരിച്ചെങ്കിലും നന്ദിഗ്രാമിൽ തോൽവി ഏറ്റുവാങ്ങിയ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂരിൽ വീണ്ടും മത്സരിക്കും. നിലവിൽ ഭവാനിപൂർ എം.എൽ.എയായ തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സോവൻ ദേബ് ചട്ടോപാധ്യായ മമതക്ക് മത്സരിക്കാൻ വേണ്ടി എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് പാർട്ടി അംഗീകരിച്ചു.
നേരത്തെ മമതയുടെ ഉറ്റ സഹപ്രവർത്തകനും മുതിർന്ന തൃണമൂൽ നേതാവുമായിരുന്ന പിന്നീട് ബി.ജെ.പിയിൽ ചേക്കേറിയ സുവേന്ദു അധികാരിയോടാണ് മമത നന്ദിഗ്രാമിൽ പരാജയപ്പെട്ടത്. എന്നാൽ, ബംഗാളിൽ തൃണമൂൽ ഞെട്ടിക്കുന്ന വിജയം കൈവരിച്ചതോടെ എം.എൽ.എ അല്ലാതിരുന്നിട്ടും മമത മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും മണ്ഡലത്തിൽനിന്ന് ജയിക്കണമെന്നാണ് നിയമം. അതിനാൽ തന്നെ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് ഫലം മമതയേയും തൃണമൂലിനെയും സംബന്ധിച്ച് ഏറെ നിർണായകമാകും.
ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി മത്സരിക്കുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇവിടെ നിന്ന് രാജിവെക്കുന്ന ചട്ടോപാധ്യായ ഖാർദ സീറ്റിൽ മത്സരിക്കുമെന്നാണ് സൂചന. ഖാർദയിലെ എം.എൽ.എയും തൃണമൂൽ നേതാവുമായ കാജൽ സിൻഹ മരണപ്പെട്ട ഒഴിവിലാണ് അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.