വരുമോ വാരാണസിയിൽ മോദി vs പ്രിയങ്ക പോര്? പ്രിയങ്കയുടെ പേര് നിർദേശിച്ച് മമത

കൊൽക്കത്ത: 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിനിടയിലായിരുന്നു മോദിക്കെതിരായി സ്ഥാനാർഥിയായി മമത പ്രിയങ്കയുടെ പേര് നിർദേശിച്ചത്.

ഇൻഡ്യ സഖ്യത്തിന്റെ നാലാമത് യോഗമാണ് നടന്നത്. 2019ലും വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്കയുടെ പേര് പറഞ്ഞുകേട്ടിരുന്നു. എനാൽ പിന്നീട് കോൺഗ്രസ് അജയ് റായിയെ ആണ് മോദിക്കെതിരെ മത്സരിപ്പിച്ചത്.

വാരാണസിയിൽ ഇക്കുറി പ്രിയങ്ക മത്സരിക്കുമോ എന്ന ചോദ്യത്തിന് യോഗത്തിൽ ചർച്ച ചെയ്ത എല്ലാ കാര്യങ്ങളും പുറത്തുപറയാൻ സാധിക്കില്ലെന്നായിരുന്നു മമതയുടെ മറുപടി.

2023 ഡിസംബർ 31ന് മുമ്പ് ഇൻഡ്യ സഖ്യത്തിലെ പാർട്ടികളുടെ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് മമത യോഗത്തിൽ നിർദേശിച്ചിരുന്നു. ഡൽഹി ​സന്ദർശനത്തിനിടെ മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പശ്ചിമബംഗാളി​ന് നൽകാതെ തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ട് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. പാവപ്പെട്ടവർക്കുള്ള പണം നൽകാതിരിക്കുന്നത് ശരിയല്ല. പശ്ചിമ ബംഗാളിന് കേന്ദ്രം 1.15 ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും മമത ബാനർജി പറഞ്ഞു.

2022-23 ലെ ബജറ്റിൽ 100 ​​ദിവസത്തെ ജോലിക്ക് ഞങ്ങൾക്ക് ഒരു പൈസ പോലും ലഭിച്ചില്ല. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ടുകൾ നിർത്തി. ഗ്രാമവികസന പദ്ധതികൾ അടച്ചു. ആരോഗ്യ ദൗത്യ പരിപാടി നിതി ആയോഗിന് കീഴിൽ ഞങ്ങൾക്ക് ഫണ്ട് ലഭിക്കുന്നില്ല -മമത ബാനർജി പറഞ്ഞു. ഇതുസംബന്ധിച്ച് അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകി. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ സംയുക്ത യോഗം ചേരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

 

Tags:    
News Summary - Mamata Banerjee pitched for Priyanka Gandhi vs PM Modi from Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.