ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഞ്ച് മിനിറ്റ് മാത്രമാണ് തന്നെ സംസാരിക്കാൻ അനുവദിച്ചതെന്ന് മമത പറഞ്ഞു. സംസാരിക്കുന്നതിനിടെ തന്റെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. യോഗത്തിൽ താൻ അപമാനിക്കപ്പെട്ടുവെന്നും മമത ബാനർജി പറഞ്ഞു.
കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ വേർതിരിച്ച് കാണരുതെന്ന് താൻ യോഗത്തിൽ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പറയണമെന്ന് തനിക്കുണ്ടായിരുന്നു. എന്നാൽ, അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചത്. എനിക്ക് മുമ്പ് സംസാരിച്ചവരെല്ലാം പത്ത് മുതൽ ഇരുപത് മിനിറ്റ് വരെ സംസാരിച്ചു. പ്രതിപക്ഷത്ത് നിന്ന് താൻ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. എന്നിട്ട് പോലും തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനിക്കുന്നതിന് തുല്യമാണെന്ന് മമത ബാനർജി പറഞ്ഞു.
ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ തീരുമാനിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ ഉൾപ്പടെയുള്ളവരാണ് യോഗം ബഹിഷ്‍കരിക്കുമെന്ന് അറിയിച്ചത്. എന്നാൽ, യോഗത്തിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന വിവേചനം ചൂണ്ടിക്കാട്ടുമെന്നായിരുന്നു മമതയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.