ഹൂഗ്ലി: മുൻ തൃണമൂൽ മന്ത്രിയും സഹപ്രവർത്തകനുമായ സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ തോറ്റ് സീറ്റ് നഷ്ടപ്പെടുമെന്ന പേടിയാണ് മമതാ ബാനർജിക്കെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പശ്ചിമ ബംഗാളിലെ സാധാരണക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ആളുകൾ ഇപ്പോൾ അവർക്ക് അവകാശങ്ങൾ നൽകുമെന്ന് പറയുകയാണെന്നും ധാനിയഖാലിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിച്ച നദ്ദ അഭിപ്രായപ്പെട്ടു.
'മമത ദീദി പറയുന്നത് ഞങ്ങൾ പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്നില്ല എന്നാണ്. എന്നാൽ, 2020 മാർച്ച് മുതൽ നവംബർ വരെയുള്ള കോവിഡിന്‍റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലുള്ളവർക്ക് അഞ്ച് വീതം കിലോ അരിയും ഗോതമ്പും ഒരു കിലോ പരിപ്പും വിതരണം ചെയ്യാൻ ഒരുക്കങ്ങൾ നടത്തിയപ്പോൾ തൃണമൂൽ പ്രവർത്തകർ എന്താണ് ചെയ്തത്. അവരാണ് അരിക്കള്ളൻമാർ. -നദ്ദ ജനങ്ങളോടായി പറഞ്ഞു.
ബംഗാളിലെ ബി.ജെ.പി പ്രവർത്തകൻ ഗോപാൽ മജുംദാറിന്‍റെ അമ്മ ശോഭ മജുംദാർ മരിച്ച സംഭവവും ജെ.പി നദ്ദ ആയുധമാക്കി. ബംഗാളിലെ അമ്മമാരെ കുറിച്ചും സഹോദരിമാരെ കുറിച്ചും ചിന്തിക്കാത്ത നിങ്ങൾ എങ്ങനെയാണ് ബംഗാളിന്‍റെ അമ്മയും സഹോദരിയുമാണെന്ന് പറയുന്നത്. മകന്‍റെ ജീവൻ രക്ഷിക്കാൻ ശോഭാ ദീദിക്ക് സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്നു. -നദ്ദ കൂട്ടിച്ചേർത്തു.
സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ആസിഡ് ആക്രമണം, കൊലപാതകശ്രമങ്ങൾ, പരിഹരിക്കപ്പെടാത്ത കേസുകൾ എന്നിവയിൽ ബംഗാൾ ഒന്നാം സ്ഥാനത്താണ്. ഗാർഹിക പീഡനം ബംഗാളിൽ 35 ശതമാനം വർദ്ധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.