കൊൽക്കത്ത: ബി.ജെ.പിക്കെതിരെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ‘ഭീകരപാർട്ടി’യായ സി.പി.എമ്മുമായി ഒരുതരത്തിലും യോജിക്കാനാകില്ലെന്ന് സൗത്ത് 24 പർഗാനാസിൽ മമത പറഞ്ഞു.
‘ഭീകര പാർട്ടിയായ സി.പി.എം ബി.ജെ.പിയെ സഹായിക്കുകയാണ്. ഭരണത്തിലിരുന്ന 34 വർഷം അവർ ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തത്? ഇപ്പോൾ കാമറക്ക് മുന്നിലിരുന്ന് സംസാരിക്കുകയാണ്. സി.പി.എമ്മിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് എത്ര ആനുകൂല്യം കിട്ടി?’- മമത ചോദിച്ചു. അതേസമയം, മറ്റൊരു ഇൻഡ്യ കക്ഷിയായ കോൺഗ്രസുമായുള്ള സീറ്റ് ചർച്ച നടത്തുന്ന കാര്യത്തിൽ മമത മൗനം തുടരുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ രൂപവത്കരണം മുതൽ സി.പി.എമ്മിനെതിരാണെന്നും സ്വാഭാവികമായും സഖ്യമുണ്ടാകില്ലെന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.
ബംഗാളിൽ തൃണമൂലുമായി സഖ്യമുണ്ടാകില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരായ നേതാക്കളെ ഇ.ഡിയുടെയും സി.ബി.ഐയുടെയും നിരീക്ഷണത്തിൽനിന്ന് പ്രതിരോധിക്കാൻ ബി.ജെ.പിയുമായി തൃണമൂൽ കോൺഗ്രസിന് രഹസ്യധാരണയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.