കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സി.ബി.െഎ ഒാഫിസിൽ ആറ് മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചതിന് പിന്നാലെ, നാരദ കേസിൽ കസ്റ്റഡിയിലെടുത്ത നാലുപേർക്കും ജാമ്യം ലഭിച്ചു. നാരദ കൈക്കൂലി കേസിൽ ബംഗാൾ മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി എന്നിവരെ തിങ്കളാഴ്ച പുലർച്ചയാണ് സി.ബി.െഎ അറസ്റ്റ് ചെയ്തത്. തൃണമൂൽ എം.എൽ.എ മദൻ മിത്രയും മുൻ നേതാവ് സോവൻ ചാറ്റർജിയെയും കസ്റ്റഡിയിലെടുത്തിരുന്നു.
നിസാം പാലസിലെ സി.ബി.ഐ ഓഫിസിൽ ആറുമണിക്കൂറിലധികമാണ് മമത പ്രതിഷേധവുമായി കുത്തിയിരുന്നത്. കൃത്യമായ നടപടിക്രമങ്ങളില്ലാതെ മന്ത്രിമാരെ അറസ്റ്റ് ചെയ്ത രീതിയിലാണെങ്കിൽ സി.ബി.ഐക്ക് തന്നെയും അറസ്റ്റ് ചെയ്യാമെന്ന് മമത കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനാകാതെ വന്നതോടെയാണ് സി.ബി.ഐയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ മമതക്കെതിരെ പകവീട്ടുന്നത്. സി.ബി.െഎ ആദ്യം ഫർഹദ് ഹകീമിനെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതേ സമയത്തുതന്നെ, തൃണമൂൽ എം.എൽ.എ മദൻ മിത്ര, പാർട്ടി നേതാവ് സോവൻ ചാറ്റർജി എന്നിവരെയും കേന്ദ്രസേനയെത്തി കൊണ്ടുപോയി. കൊൽക്കത്ത മേയറും മുൻമന്ത്രിയുമായിരുന്നു സോവൻ ചാറ്റർജി നേരത്തെ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേക്കേറിയിരുന്നുവെങ്കിലും കഴിഞ്ഞ മാർച്ചിൽ പഴയ തട്ടകത്തിൽ തന്നെ തിരിച്ചെത്തി.
നാലുപേർക്കുമെതിരെ സി.ബി.ഐ അന്വേഷണത്തിന് നേരത്തെ ഗവർണർ ജഗ്ദീപ് ധൻകർ അനുമതി നൽകിയിരുന്നു. എന്നാൽ, എം.എൽ.എമാരെ പ്രോസിക്യൂട്ട് ചെയ്യാൻ സഭാ സ്പീക്കറുടെ അനുമതി തേടണം. ഇതിനു നിൽക്കാതെ സി.ബി.ഐ ഗവർണറെ സമീപിക്കുകയായിരുന്നു. ഇവർ എം.എൽ.എമാർ എന്ന നിലക്കല്ല, 2011ൽ തനിക്ക് കീഴിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ എന്ന നിലക്കാണ് അനുമതി നൽകിയതെന്നാണ് ഗവർണറുടെ വിശദീകരണം.
നാരദ അഴിമതി കേസ് പൊങ്ങിവന്ന 2014ൽ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലുപേരും. ഇതിൽ ഫർഹദ് ഹകീം, സുബ്രത മുഖർജി എന്നിവർക്ക് ഇത്തവണയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഗവർണർ ജഗ്ദീപ് ധൻകർ തന്നെ. നാരദ ഓൺലൈൻ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തിൽ തൃണമൂൽ മന്ത്രിമാർ കൈക്കൂലി വാങ്ങുന്നത് കണ്ടെത്തിയതാണ് നാരദ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.