ഇന്ധനമില്ലാത്ത മമതയുടെ വിമാനം ഇറങ്ങാന്‍ അനുവദിച്ചില്ല; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കയറിയ വിമാനം മതിയായ ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് നിലത്തിറക്കാന്‍ അനുമതി നല്‍കാതിരുന്ന നടപടി വന്‍ രാഷ്ട്രീയ വിവാദമായി. പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഒന്നടങ്കം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

മോദി സര്‍ക്കാറിന്‍െറ കറന്‍സി നിരോധനത്തിനെതിരെ ബിഹാറിലെ പട്നയില്‍ റാലി നടത്തി തിരിച്ചു കൊല്‍ക്കത്തക്ക് മടങ്ങുകയായിരുന്ന മമത ബാനര്‍ജി കയറിയ ഇന്‍ഡിഗോ വിമാനത്തിനാണ് ഇന്ധനമില്ലാതിരുന്നിട്ടും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പെട്ടെന്നിറങ്ങാന്‍ അനുമതി നല്‍കാതിരുന്നത്. രാജ്യസഭയില്‍ വിഷയമുന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ മമതയുടെ ജീവന്‍ അപകട ഭീഷണിയിലാക്കിയതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഗുലാം നബി ആസാദ്,  മായാവതി, രാംഗോപാല്‍ യാദവ്, ശരദ് യാദവ്, നരേഷ് അഗര്‍വാള്‍, കെ.ടി.എസ് തുളസി, രംഗരാജന്‍ എന്നിവരും മറ്റു പ്രതിപക്ഷ നേതാക്കളും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചു.

എന്നാല്‍, മമത കയറിയ ഇന്‍ഡിഗോ വിമാനം മാത്രമല്ല, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളും മതിയായ ഇന്ധനമില്ലാതെ പറക്കുകയായിരുന്നുവെന്ന് കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ രാജ്യസഭയില്‍ മറുപടി നല്‍കി. ആ മൂന്ന് വിമാനങ്ങള്‍ക്ക് ഓരോന്നായി മുന്‍ഗണനക്രമത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ചെയ്തതെന്നും ജയന്ത് സിന്‍ഹ തുടര്‍ന്നു.

മൂന്ന് വിമാനങ്ങള്‍ എങ്ങനെ ഒരേ സമയം ഇന്ധനമില്ലാതെ കൊല്‍ക്കത്ത വിമാനത്താവളത്തിലേക്ക് പറന്നുവെന്ന കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് വിമാനത്തിലെയും യാത്രക്കാര്‍ക്ക് ഒരു പ്രയാസവുമുണ്ടായിട്ടില്ല. അരമണിക്കൂര്‍ കുടുതല്‍ പറക്കാനുള്ള ഇന്ധനം എന്തുകൊണ്ടു മൂന്നു വിമാനങ്ങളിലുമുണ്ടായില്ളെന്നത് ഡി.ജി.സി.എ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങളുടെ വിമാനം സാധാരണപോലെയാണ് ഇറക്കിയതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. എന്നാല്‍, ട്രാഫിക് തിരക്ക്  കാരണം ഇറക്കാനുള്ള അനുമതി കിട്ടാതിരുന്നപ്പോള്‍ പട്നയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പറക്കാനുള്ള ഇന്ധനത്തേക്കാള്‍ എട്ടു മിനിറ്റ് കൂടുതല്‍ പറക്കാനുള്ള ഇന്ധനമേ കൈവശമൂള്ളൂ എന്ന് പൈലറ്റ് എ.ടി.സിയെ അറിയിക്കുകയാണ് ചെയ്തതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.  

ഇന്ധനം കുറവാണെന്നുള്ള തങ്ങളുടെ സന്ദേശം കൊല്‍ക്കത്ത വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം തെറ്റിദ്ധരിച്ചതാണെന്നും അതുകൊണ്ടാണ് വിമാനം നിലത്തുതൊടുന്ന സമയത്ത് അടിയന്തര വാഹനങ്ങളുമായി റണ്‍വേയിലേക്ക് കുതിച്ചതെന്നും ഇന്‍ഡിഗോ വിശദീകരിച്ചു.
ലോക്സഭയില്‍ സുദീപ് ബന്ദോപാധ്യായയാണ് വിഷയം ഉന്നയിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അദ്ദേഹത്തെ പിന്തുണച്ചു. വെറും 13 മിനിറ്റ് നേരമാണ് മമതയുടെ വിമാനം ഇറങ്ങാന്‍ താമസിച്ചതെന്ന് സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.

Tags:    
News Summary - Mamata's Low Fuel Flight Delayed Landing, TMC Seeks DGCA Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.