ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുൻക്രിക്കറ്റ് താരവും മുൻ എം.പിയുമായ കീർത്തി ആസാദ്, ജനതാദൾ യുവിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് പവൻ വർമ എന്നിവർ തൃണമൂൽ കോൺഗ്രസിൽ. ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.
ഹരിയാനയിലെ മുൻ കോൺഗ്രസ് നേതാവ് അശോക് തൻവാറും തൃണമൂലിൽ ചേർന്നു.
ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് വിവിധ സംസ്ഥാനങ്ങളിലേക്ക് വേരു പടർത്തുന്ന തൃണമൂൽ കോൺഗ്രസിെൻറ ബിഹാറിലേക്കുള്ള ചുവടുവെപ്പായാണ് പവൻ വർമയുടെയും കീർത്തി ആസാദിെൻറയും കടന്നു വരവിനെ കാണുന്നത്.
ദർഭംഗയിൽ നിന്ന് മൂന്നു വട്ടം ജയിച്ച കീർത്തി ആസാദ്, ബി.ജെ.പി സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് കോൺഗ്രസിൽ എത്തിയത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയിൽ മുൻമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പുറത്താക്കലിനു കാരണമായത്.
പ്രശാന്ത് കിഷോറിനൊപ്പം കഴിഞ്ഞ ജനുവരിയിൽ പുറത്താക്കപ്പെടുന്നതു വരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ വിശ്വസ്തനായിരുന്നു പവൻ വർമ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടാണ് പുറത്താക്കലിലേക്കു നയിച്ചത്. ശക്തമായ പ്രതിപക്ഷവും അർഥപൂർണമായ പാർട്ടിയും മമത കെട്ടിപ്പടുക്കുന്നതു കൊണ്ടാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്ന് പവൻ വർമ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ സർക്കാറുണ്ടാക്കാൻ മമത ഡൽഹിയിൽ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമത വീണ്ടും മുഖ്യമന്ത്രിയായ ശേഷം മുകുൾ റോയി അടക്കം പശ്ചിമ ബംഗാളിലെ നിരവധി നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു. ത്രിപുര, ഗോവ, ബിഹാർ, ഝാർഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രമുഖ നേതാക്കൾ മമതയുടെ പാർട്ടിയിലെത്തി. പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ കരുത്തു നേടാനുള്ള ശ്രമങ്ങളിലാണ് മമത. ശീതകാല പാർലെമൻറ് സമ്മേളനത്തിനു മുമ്പായി ഡൽഹിയിൽ എത്തിയ മമത, പ്രതിപക്ഷത്തിെൻറ സഭാതല ഏകോപനത്തിന് വിവിധ പ്രതിപക്ഷ നേതാക്കളെ കാണുന്നുണ്ട്.
കഷ്ടപ്പെടാൻ തയാറല്ലാത്തവരാണ് കോൺഗ്രസ് വിട്ട് മറ്റു പാർട്ടികളിൽ ചേരുന്നതെന്നും രാജ്യത്തിനു വേണ്ടി പൊരുതാൻ തയാറുള്ളവർ പാർട്ടിക്കൊപ്പമാണെന്നും കീർത്തി ആസാദിനെക്കുറിച്ച് പരാമർശിക്കവേ, കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.