ലഖ്‌നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് പിടിയിലായത്.
ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം.
ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇയാൾ പങ്കുവെച്ചതായി എടിഎസ് സംഘം സ്ഥിരീകരിച്ചു. ‘ഏകദേശം ഒമ്പത് മാസത്തോളം അരുണാചൽ പ്രദേശിൽ സൈന്യത്തിൽ താൽക്കാലിക തൊഴിലാളിയായി ജോലി ചെയ്തിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ട്’ -പ്രസ്താവനയിൽ പറയുന്നു.
നിലവിൽ ജോലി ചെയ്യുന്നില്ലെങ്കിലും സൈന്യത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരുന്നത്. ശൈലേന്ദ്ര സിംഗ് ചൗഹാൻ എന്ന പേരിൽ സൈനിക യൂണിഫോമിലുള്ള തന്റെ ചിത്രവും ഇയാൾ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിൽ ഐ.എസ്.ഐക്ക് വേണ്ടി വ്യാജ ഐ.ഡിയിൽ പ്രവർത്തിക്കുന്ന ഹർലീൻ കൗർ എന്ന സ്ത്രീയുമായി സിങ് പരിചയപ്പെടുകയും മെസഞ്ചറിൽ വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ഐ.എസ്.ഐ ഏജന്റായ പ്രീതി എന്ന മറ്റൊരു സ്ത്രീയുമായും ഇയാൾ വാട്ട്‌സ്ആപ്പ് ഓഡിയോ കോൾ വഴി സംസാരിക്കാറുണ്ടെന്നും പണം വാങ്ങി സൈനിക വാഹനങ്ങളുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും എ.ടി.എസ് ആരോപിച്ചു. പ്രീതിയും ഹർലീൻ കൗറും ഐ.എസ്.ഐ കൈകാര്യം ചെയ്യുന്ന വ്യാജ ഐഡികളാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എടിഎസ് കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.