ഗോമാംസം കൊണ്ടുപോകുന്നെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിനിൽ വയോധികനെ ആക്രമിച്ചു

മുംബൈ: ഗോമാംസം കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. അഷ്‌റഫ് അലി സയ്യിദ് ഹുസൈൻ എന്ന 72കാരനെയാണ് സഹയാത്രികരായ ഒരുകൂട്ടം യുവാക്കൾ ആക്രമിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

ആഗസ്റ്റ് 28ന് ദൂലെ-സി.എം.എസ്.ടി എക്സ്പ്രസിലാണ് സംഭവം നടന്നത്. ജൽഗാവ് സ്വദേശിയായ അഷ്‌റഫ് അലി സയ്യിദ് ഹുസൈൻ കല്യാണിലുള്ള മകളെ കാണാൻ പുറപ്പെട്ടതായിരുന്നു. ട്രെയിൻ നാസിക് റോഡ് സ്റ്റേഷനിലെത്തിയതിന് പിന്നാലെ ഏതാനും യുവാക്കൾ സീറ്റിന്‍റെ പേരിൽ ഇദ്ദേഹവുമായി തർക്കത്തിലായി. അഷ്‌റഫ് അലി സയ്യിദ് ഹുസൈൻ രണ്ട് ഭരണികളിൽ മാംസം കരുതിയിരുന്നു. ഇത് ഗോമാംസമാണെന്ന് ആരോപിച്ച് യുവാക്കൾ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു. മുഖത്തടിക്കുന്നതും അപമാനിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

കല്യാൺ സ്റ്റേഷനിൽ ഇറങ്ങാനും അക്രമികൾ ഇദ്ദേഹത്തെ അനുവദിച്ചില്ല. പിന്നീട്, താനെയിൽ ഇറങ്ങിയ ശേഷമാണ് ഇദ്ദേഹം കല്യാണിലേക്ക് തിരിച്ചത്.

അഷ്‌റഫ് അലി സയ്യിദ് ഹുസൈന്‍റെ കയ്യിലുണ്ടായിരുന്നത് ഗോമാംസമല്ലെന്നും പോത്തിറച്ചിയാണെന്നും പൊലീസ് അറിയിച്ചു. പോത്തിറച്ചിക്ക് നിരോധനമില്ല. വിഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 


Tags:    
News Summary - man assaulted inside train in Maharashtra after passengers accuse him of carrying ‘beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.