കാൺപൂർ: ഭാര്യയോട് പിണങ്ങി വീടുവിട്ടയാളെന്ന് കരുതി ഖബറടക്കം കഴിഞ്ഞ 'പരേതൻ' രണ്ട് ദിവസത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തി. ഉത്തർപ്രദേശിലെ ചക്കേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കേണൽഗഞ്ച് എന്ന ഗ്രാമത്തിലാണ് സംഭവം.
അഹ്മദ് ഹസ്സൻ എന്നയാൾ ഭാര്യ നഗ്മയുമായി പിണങ്ങി ആഗസ്റ്റ് രണ്ടിനാണ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് ഇയാളെ കാണാനില്ലെന്ന് പൊലീസിൽ പരാതിയെത്തി. മൂന്ന് ദിവസത്തിന് ശേഷം പൊലീസ് ഒരു മൃതദേഹം കണ്ടെത്തി. സഹോദരങ്ങൾ ഹസ്സേൻറതാണ് മൃതദേഹമെന്ന് ഉറപ്പിക്കുകയും തുടർന്ന് ഖബറടക്ക ചടങ്ങുകൾ നടത്തുകയും ചെയ്തു. എന്നാൽ, കുടുംബാംഗങ്ങളെ ഒന്നാകെ ആശ്ചര്യപ്പെടുത്തി ഇദ്ദേഹം രണ്ട് ദിവസം കഴിഞ്ഞ് വീടിെൻറ പടികയറിയെത്തുകയായിരുന്നു.
'ഭാര്യമായിട്ടുള്ള പിണക്കത്തെ തുടർന്നാണ് ഞാൻ വീട് വിട്ടിറങ്ങിയത്. യാത്രക്കിടെ ഒരാൾ സഹായവുമായെത്തി. അയാളുടെ കൂടെ ഫാക്ടറിയിൽ ജോലി ചെയ്തു. ജോലി ചെയ്തതിെൻറ കൂലി കിട്ടിയപ്പോൾ വീട്ടിലേക്ക് മടങ്ങാമെന്ന് വിചാരിച്ചു. വീട് അടച്ചിട്ട നിലയിലായിരുന്നു. അയൽവാസികൾ എന്നെ കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. ഞാൻ മരിച്ചതായും ഖബറടക്കം കഴിഞ്ഞതായുമുള്ള വാർത്തകൾ വരുന്ന വഴിക്ക് തന്നെ അറിയാൻ കഴിഞ്ഞു. എന്നാൽ, എനിക്ക് പകരം മറ്റാരെയോ ആണ് അവർ ഖബറടക്കിയിട്ടുള്ളത്' -ഹസ്സൻ പറഞ്ഞു.
ഭർത്താവ് മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്ന് ഭാര്യ നഗ്മ പറഞ്ഞു. 'ഞങ്ങൾ തമ്മിൽ ചെറിയ പിണക്കം മാത്രമാണുണ്ടായത്. അദ്ദേഹം ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുകയായിരുന്നു. രണ്ട് ദിവസം കാണാതായപ്പോൾ പൊലീസിൽ പരാതി നൽകി. പൊലീസ് കണ്ടെത്തിയ മൃതദേഹം അദ്ദേഹത്തിനോട് സാമ്യമുണ്ടായിരുന്നു. പക്ഷെ, അപ്പോഴും എനിക്ക് സംശയം ബാക്കിയായിരുന്നു. എന്നാൽ, സഹോദരങ്ങളാണ് അത് ഉറപ്പിച്ചത്. എന്തായാലും അദ്ദേഹം തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷമുണ്ട്' -നാഗ്മ കൂട്ടിച്ചേർത്തു.
മാറി ഖബറടക്കിയ മൃതദേഹം ആരുടേതാണെന്ന ചോദ്യമാണ് പൊലീസിന് മുന്നിലുള്ളത്. അതേസമയം, കുടുംബത്തിന് എതിരെ നടപടിയെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംശയത്തോടെയാണ് അവർ മൃതദേഹം ഏറ്റുവാങ്ങിയതും അന്ത്യകർമങ്ങൾ ചെയ്തതുമെന്ന് കാൺപൂർ സീനിയർ സൂപ്രണ്ടൻറ് ഒാഫ് പൊലീസ് പ്രീതീന്ദർ സിങ് പറഞ്ഞു. മരിച്ചയാളുടെ ചിത്രങ്ങൾ പലയിടത്തും പ്രദർശിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.