താനെ: കറുത്ത പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെയും ഭർതൃകുടുംബാംഗങ്ങളുടെയും ക്രൂരമർദനം. ആൺകുട്ടിയെ പ്രസവിക്കുന്നതിന് പകരം കറുത്ത പെൺകുട്ടിയെ പ്രസവിച്ചു എന്നുപറഞ്ഞാണ് പീഡനം. ഭർത്താവിനും കുടുംബത്തിലെ ഏഴുപേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈ പൊലീസ് ആണ് കേസ് എടുത്തത്. 29കാരിയായ യുവതി 2019 ഫെബ്രുവരിയിലാണ് വിവാഹം കഴിച്ചത്. ദമ്പതികൾ നവി മുംബൈയിലെ കാമോതെയിലാണ് താമസിക്കുന്നത്.
'2019 നവംബറിൽ സ്ത്രീ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അതിനുശേഷം അവരുടെ ഭർത്താവും കുടുംബാംഗങ്ങളും അവളെ പരിഹസിക്കാനും ഉപദ്രവിക്കാനും തുടങ്ങി. തങ്ങൾക്ക് ഒരു ആൺകുട്ടിയെയാണ് വേണ്ടത്, അല്ലാതെ കറുത്ത നിറമുള്ള പെൺകുട്ടിയല്ല. അവർ അവളെ മാനസികമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. ശാരീരികമായും' -സ്ത്രീയുടെ പരാതി ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാർ വാങ്ങാൻ ഭർത്താവും കുടുംബവും 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കി. അന്നുമുതൽ അവർ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്നും കുഞ്ഞിനെ കൊല്ലുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.