ഭുവനേശ്വർ: ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ ഭർത്താവ് മരിച്ചുപോയെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നഷ്ടപരിഹാരം തട്ടിയെടുക്കാൻ യുവതിയുടെ ശ്രമം. ജൂൺ രണ്ടിന് ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭർത്താവ് ബിജയ് ദത്ത മരിച്ചുവെന്ന് അവകാശപ്പെട്ടാണ് കട്ടക്കിൽ നിന്നുള്ള ഗീതാഞ്ജലി ദത്ത രംഗത്തുവന്നത്.
മൃതദേഹം ഭർത്താവിന്റെതാണെന്ന് തിരിച്ചറിയുകയും ചെയ്തു. രേഖകൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ അവകാശവാദം കള്ളമാണെന്ന് കണ്ടെത്തിയത്. താക്കീതു നൽകി പൊലീസ് യുവതിയെ വിട്ടയച്ചു. പിന്നീട് ഭർത്താവ് തന്നെ ഇവർക്കെതിരെ മണിയബന്ധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ഭയന്ന് യുവതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
13 വർഷമായി ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയാണെന്നും പൊലീസ് പറഞ്ഞു. താൻ മരിച്ചതായി വ്യാജരേഖയുണ്ടാക്കി സർക്കാരിന്റെ പണം തട്ടിയെടുക്കാൻ ശ്രമിച്ച ഗീതാഞ്ജലിക്കെതിരെ കടുത്ത നടപടിവേണമെന്നാണ് ബിജയ് ദത്തയുടെ ആവശ്യം. ഇങ്ങനെ വ്യാജരേഖകളുണ്ടാക്കുന്നവർക്കെതിരെ ചീഫ് സെക്രട്ടറി പി.കെ. ജെന റെയിൽവേക്ക് നിർദേശം നൽകിയിട്ടുണ്ട്.
ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷവും കേന്ദ്ര റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 288 പേരാണ് ട്രെയിൻ അപകടത്തിൽമരിച്ചത്. 1200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.