യു.എ.ഇ രാജകുടുംബവുമായി ബന്ധം പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; 23 ലക്ഷത്തിന്റെ ബില്ലടക്കാതെ മുങ്ങി

ന്യൂഡൽഹി: അബുദബി രാജകുടുംബത്തിലെ ജോലിക്കാരനാണെന്ന് പറഞ്ഞ് നാലു മാസം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞയാൾ ബില്ലടക്കാതെ മുങ്ങി. 23 ലക്ഷം രൂപയുടെ ബില്ലാണ് ഇയാൾ അടക്കാതിരുന്നത്.

ഡൽഹിയിലെ ലീല പാലസ് ഹോട്ടൽ മാനേജ്മെന്റ് നൽകിയ പരാതിയിൽ മുഹമ്മദ് ശരീഫ് എന്നയാൾക്കെതിരെ ഡൽഹി പൊലീസ് വഞ്ചനക്കും മോഷണത്തിനും കേസെടുത്തിട്ടുണ്ട്.

ആഗസ്ത് ഒന്നിനാണ് ശരീഫ് ലീല പാലസിൽ മുറിയെടുക്കുന്നത്. നവംബർ 20 ന് ആരോടും പറയാതെ ഹോട്ടൽ വിട്ടു. റൂമിൽ നിന്ന് വെള്ളിപ്പാത്രങ്ങളും മുത്തുകൊണ്ടുള്ള ട്രേയുമടക്കം നിരവധി സാധനങ്ങൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ ആരോപിക്കുന്നു.

​ഹോട്ടലിൽ റൂമെടുക്കാൻ വന്നപ്പോൾ ഇയാൾ ജീവനക്കാരോട് പറഞ്ഞത് യു.എ.ഇയിൽ താമസക്കാരനാണെന്നാണ്. അബുദബി രാജകുടുംബാംഗവുമായി അടുത്ത ബന്ധമുണ്ടെന്നും അ​ദ്ദേഹത്തിനു വേണ്ടിയാണ് ജോലി ​ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ശൈഖുമായി വ്യക്തിപരമായി അടുത്ത് ജോലി ചെയ്യുന്നുണ്ടെന്നും ഔദ്യോഗിക ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യയിൽ എത്തിയതെന്നുമായിരുന്നു വിശദീകരണം.

ബിസിനസ് കാർഡും യു.എ.ഇ റെസിഡന്റ് കാർഡും അദ്ദേഹം മെനഞ്ഞ കഥകൾക്ക് വിശ്വാസ്യത നൽകത്തക്കവിധത്തിലുള്ള മറ്റ് രേഖകളും കാണിച്ചിരുന്നു. കൂടാതെ, യു.എ.ഇ ജീവിതത്തെ കുറിച്ച് അദ്ദേഹം പതിവായി ഹോട്ടൽ ജീവനക്കാരുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും മാനേജ്മെന്റ് പരാതിയിൽ പറയുന്നു.

ഇയാൾ ഹാജരാക്കിയ രേഖകൾ പൊലീസ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇവ വ്യാജമാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.

റൂമിന്റെ വാടകയും നാലുമാസത്തെ സർവീസ് ചാർജുമുൾപ്പെടെ 35 ലക്ഷം രൂപയാണ് ബില്ല്. അതിൽ 11.5 ലക്ഷം രൂപ അദ്ദേഹം അടച്ചു. ബാക്കി തുക അടക്കാതെ റൂമൊഴിഞ്ഞു പോയി. കൂടാതെ, അദ്ദേഹം 20 ലക്ഷം രൂപയുടെ ചെക്ക് ഹോട്ടൽ ജീവനക്കാർക്ക് നൽകിയിരുന്നു. എന്നാൽ ആ ചെക്കിൽ ഇയാൾ ഹോട്ടൽ വിട്ടുപോയ ദിവസമായ നവംബർ 20 ലെ തിയതിയാണ് എഴുതിയിരുന്നത്. പ്രതിയെ തിരിച്ചറിയുന്നതിനായി ഡൽഹി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. 

Tags:    
News Summary - Man Flees Delhi 5-Star Hotel Leaving 23-Lakh Bill, Faked UAE Royals Link

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.