ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞ ബി.ജെ.പി മുൻ ഭാരവാഹി അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിഥിൻ പട്ടേലിനുനേരെ ഷൂ എറിഞ്ഞ ബി.ജെ.പി വിമതൻ അറസ്റ്റില്‍. തിങ്കളാഴ്ച വൈകീട്ട് വഡോദര ജില്ലയില്‍ നിതിന്‍ പട്ടേല്‍ ഉപതിരഞ്ഞെടുപ്പ് റാലിക്കുശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഷൂ എറിഞ്ഞത്. നിതിന്‍ പട്ടേലില്‍ നിന്ന് ഏതാനും ഇഞ്ച് അകലെയാണ് ഷൂ വീണത്.

സംഭവത്തിൽ രശ്മിൻ പട്ടേൽ എന്നയാളെ വഡോദര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ സംഭവം നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രതിയെ കോൺഗ്രസിന്‍റെ തലയിൽ കെട്ടിവെക്കാനാണ് ബി.ജെ.പിയുടെയും പൊലീസിന്‍റെയും ശ്രമമെന്ന് നേതാക്കൾ ആരോപിച്ചു.

പൊലീസ് അവകാശവാദം നിഷേധിച്ച് സംസ്ഥാന കോൺഗ്രസ് വക്താവ് മനീഷ് ദോഷി രംഗത്തെത്തിയിരുന്നു.'രശ്മിൻ പട്ടേൽ യഥാർത്ഥത്തിൽ ബി.ജെ.പി പ്രവർത്തകനാണെന്നും വിമത വിഭാഗത്തിൽ പെട്ടയാളാണെന്നും അദ്ദേഹം തെളിവ് സഹിതം അവകാശപ്പെട്ടു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക രേഖ പ്രകാരം 2010 ൽ ബി.ജെ.പി ടിക്കറ്റിൽ രശ്മിൻ പട്ടേൽ ഷിനോർ താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

2010-13 കാലയളവിൽ ഷിനോർ താലൂക്ക് പഞ്ചായത്തിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനായും ബി.ജെ.പി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. രശ്മിൻ പട്ടേൽ കൃത്യമായി ഒരു ബി.ജെ.പി പ്രവർത്തകനും വിമത വിഭാഗത്തിൽ പെട്ടവനുമാണ്. -ദോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'രശ്മിൻ പട്ടേൽ ബി.ജെ.പിയ്‌ക്കൊപ്പമില്ല. കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അക്ഷയ് പട്ടേലിനായി രംഗത്ത് വന്നിരുന്നെന്ന് ബി.ജെ.പി നേതാവ് സതീഷ് പട്ടേൽ പറഞ്ഞു.

'ഷൂ എറിഞ്ഞയാളെ സംബന്ധിച്ച് കൃത്യമായ സൂചന ലഭിച്ചതിനെതുടർന്നാണ് രഷ്മിനെ അറസ്റ്റ് ചെയ്തത്.പ്രതിയുടെ മൊബൈൽ‌ ഫോൺ ഞങ്ങൾ പിടിച്ചെടുത്തു, അതിൽ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പിൽ‌, അദ്ദേഹത്തിന്‍റെ പ്ലാൻ‌ വിജയകരമായി തുടരുന്നു എന്ന് പറയുന്നത് വ്യക്തമാണ്, സംഭവത്തിൽ വേറെ ആരെങ്കിലും പങ്കാളികളായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും എസ്.പി സുധീർ ദേശായ് പറഞ്ഞു.

നവംബർ 3 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് നിയമസഭാ സീറ്റുകളിൽ ഒന്നാണ് കർജൻ. അക്ഷയ് പട്ടേൽ ഉൾപ്പെടെയുള്ള കോൺഗ്രസ് എം‌.എൽ.‌എമാർ രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

Tags:    
News Summary - Man held for shoe attack on Gujarat deputy CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.