മുംബൈ: വാട്സാപ്പ് വഴി തകർപ്പൻ ‘ജോലി’ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു മുംബൈ താനെ സ്വദേശിയായ 32കാരൻ. ബോളിവുഡ് താരങ്ങളടക്കമുള്ള പ്രശസ്തരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് വീട്ടിലിരുന്ന് ലൈക്ക് ചെയ്യുക എന്നതായിരുന്നു ’ജോലി’. ഒരു പോസ്റ്റ് ലൈക്ക് ചെയ്താൽ 70 രൂപവെച്ച് ദിവസം 3,000 രൂപ വരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. അങ്ങനെ ’ജോലി’ തുടങ്ങി. പ്രതിഫലവും കിട്ടിത്തുടങ്ങി. ഒടുവിൽ യുവാവിന്റെ 37 ലക്ഷം രൂപ തട്ടിയെടുത്ത് ‘ജോലി’ നൽകിയവർ മുങ്ങി.
വാട്‌സാപ്പ് വഴിയാണ് ജോലിയെക്കുറിച്ചുള്ള വിവരങ്ങളുമായി ഒരു അജ്ഞാത നമ്പറിൽനിന്ന് മെസേജ് ലഭിച്ചത്. സെലിബ്രിറ്റി താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ലൈക്ക് ചെയ്യുന്ന പാർട്ട്‌ടൈം ജോലിയിൽനിന്നായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഒരു ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതിന് 210 രൂപ ലഭിച്ചിരുന്നു. ഇതിനുശേഷം ഒരു ക്രിപ്‌റ്റോ കറൻസി ഗ്രൂപ്പിലേക്ക് യുവാവ് ആഡ് ചെയ്യപ്പെട്ടു. ഇതിൽ ക്രിപ്‌റ്റോകറൻസി വാങ്ങാനെന്നു പറഞ്ഞ് ഒരു തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
ആദ്യ ഘട്ടത്തിൽ 9,000 രൂപ നിക്ഷേപിച്ചു. 9,980 രൂപ തിരികെ ലഭിച്ചു. ഇതിൽ വിശ്വാസം തോന്നി കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. 30,000 രൂപ നിക്ഷേപിച്ചപ്പോൾ 8,208 രൂപയാണ് ലാഭമായി കിട്ടിയത്. ഇതിനു പിന്നാലെ 'വി.ഐ.പി അക്കൗണ്ട്' ലഭിച്ചു. ഇതിൽ വൻതുക നിക്ഷേപിക്കാൻ തുടങ്ങി. നിക്ഷേപം ലക്ഷങ്ങൾ കടന്നതോടെ ലാഭം മുടങ്ങാൻ തുടങ്ങി. ലാഭം ലഭിക്കാൻ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് യുവാവ് തിരിച്ചറിയുന്നത്. അപ്പോഴേക്കും 37 ലക്ഷം രൂപ കൈയിൽനിന്ന് പോയിരുന്നു.
ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു യുവാവ്. സംഭവത്തിൽ സൈബർ കുറ്റകൃത്യത്തിനു കേസെടുത്ത് താനെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.