മണിപ്പൂരിൽ സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ച ബസ് കത്തിച്ചു

ഇംഫാൽ: മണിപ്പൂരിൽ സി.ആർ.പി.എഫ് ജവാൻമാരുമായി പോവുകയായിരുന്നു ബസ് കത്തിച്ചു. കാങ്‌പോപ്പി ജില്ലയിലെ കാങ്‌പോപ്പി ബസാറിൽ വെച്ചാണ് സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു ബസ് കത്തിച്ചത്. എന്നാൽ, ബസിലുണ്ടായിരുന്ന ജവാൻമാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും അപകടമൊന്നും സംഭവിച്ചില്ല.

എം.എൻ 06 ബി 0463 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബസാണ് ആൾക്കൂട്ടം തടഞ്ഞത്. ഇത് മെയ്തേയി വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ബസാണെന്ന് ആരോപിച്ചായിരുന്നു തടയൽ. സംഭവമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തേക്ക് എത്തിയെങ്കിലും ബസ് കത്തിക്കുന്നത് തടയാൻ സാധിച്ചില്ല. ഏകദേശം രണ്ടായിരത്തോളം വരു​ന്ന ആളുകൾ റോഡ് ബ്ലോക്ക് ചെയ്തതോടെ പൊലീസിന് ബസിനടുത്തേക്ക് എത്താൻ സാധിച്ചില്ല.

പിന്നീട് ശ്രമകരമായ ദൗത്യത്തിനൊടുവിൽ ​പൊലീസ് ആൾക്കുട്ടത്തെ പിരിച്ചുവിടകയായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം മണിപ്പൂരിലേക്ക് കൂടുതൽ സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, ആർ.എ.ഫ് സംഘങ്ങൾ എത്തുകയാണ്. മണിപ്പൂരിൽ ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ സൈനികർ​ പ്രദേശത്തേക്ക് എത്തുന്നത്.

അതേസമയം, മണിപ്പൂരിൽ തന്നെ നടന്ന മറ്റൊരു സംഭവത്തിൽ ഇംഫാൽ ​വെസ്റ്റ് ജില്ലയിൽ ഒരാൾ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ തലക്ക് പിന്നിലാണ് വെടിയേറ്റതെന്ന് ​പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ച പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ തയാറായില്ല.

മണിപ്പൂരിൽ സമാധാനമുണ്ടാക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ച ദിവസം തന്നെയാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്. മണിപ്പൂരിലെ സംഘർഷം ലഘൂകരിക്കാൻ കുക്കി-മെയ്തേയി വിഭാഗങ്ങളുമായി ചർച്ച നടത്തു​മെന്ന് അമിത് ഷാ അറിയിച്ചിരുന്നു. കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിക്കാനും തീരുമാനിച്ചിരുന്നു.

Tags:    
News Summary - Man shot dead, bus carrying CRPF troopers emptied & burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.