ഹൈദരാബാദ്: യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രവാസി അറസ്റ്റിൽ. കൊല്ലപ്പെട്ടയാളുടെ ഭാര്യയെ വിവാഹം ചെയ്യണമെന്ന ആഗ്രഹമാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഫിലിം നഗറിലെ സെയ്ദ് ഗൗസ് മുഹിയുദ്ദീനെ കുത്തിക്കൊന്ന കേസിൽ പ്രവാസിയായ അദ്നാൻ ഹുസൈനെയും അയാളുടെ ബന്ധുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷൈക്പേട്ടിലെ ജയ്ഹിന്ദ് കോളനിയിലുള്ള ഗൗസിന്റെ വീട്ടിലേക്ക് അദ്നാൻ ഹുസൈൻ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് ഗൗസിന്റെ സഹോദരൻ സെയ്ദ് അൻവർ മുഹിയുദ്ദീൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് ഗൗസിന്റെ ഭാര്യയെ വീട്ടിന് പുറത്തക്ക് വലിച്ചിഴക്കുകയായിരുന്നു. ഇതിനെ ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് ഗൗസിനെ പ്രതി കുത്തിയത്.
ഗൗസിന്റെ ഭാര്യയെ വിവാഹം ചെയ്യാൻ അദ്നാൻ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനായി ഗൗസിൽനിന്ന് വിവാഹമോചനം നേടാൻ അദ്നാൻ യുവതിയിൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. അദ്നാനും യുവതിയും ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തുന്ന വേളയിലാണ് ആദ്യം കണ്ടുമുട്ടിയത്. അവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി വിവാഹിതയായശേഷവും അദ്നാൻ നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തിയിരുന്നു.
നിരന്തര ശല്യമായപ്പോൾ ഗൗസ് പരാതി നൽകാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവിന് ഗൗസിന് ജീവൻ തന്നെ ബലിനൽകേണ്ടി വരികയായിരുന്നു. ഈ സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്യാൻ തയാറാകാതിരുന്ന പൊലീസ് ഉൾപ്പെടെ മുഴുവൻ കുറ്റക്കാർക്കെതിരെയും നടപടിയെടുക്കുമെന്ന് ഗൗസിന്റെ ബന്ധുക്കൾക്ക് പൊലീസ് കമീഷണർ ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.