റായ്പുർ: ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനു നേരെ വധഭീഷണി ഉയർത്തിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശി ഫൈസൻ ഖാനെ ഇയാളുടെ വീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിൽനിന്ന് സൽമാൻ ഖാന് നിരന്തരം ഭീഷണി ഉയരുന്നതിനിടെയാണ് കിങ് ഖാനെ അപായപ്പെടുത്തുമെന്ന് പൊലീസിന് ഫോൺ കാൾ വന്നത്.
ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാഴ്ചയാണ് ഭീഷണി കാൾ വന്നത്. ഫോൺ കാൾ ട്രേസ് ചെയ്ത് പൊലീസ് നേരത്തെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ തന്റെ ഫോൺ ഏതാനും ദിവസം മുമ്പ് നഷ്ടപ്പെന്നായിരുന്നു അഭിഭാഷകൻ കൂടിയായ ഫൈസൻ ഖാൻ പറഞ്ഞത്. അന്വേഷണത്തിൽ സഹകരിക്കുമെന്നും മുംബൈ പൊലീസിനു മുമ്പാകെ നവംബർ 14ന് ഹാജരാകുമെന്നും ഫൈസൻ ഖാൻ പ്രതികരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി തനിക്കുനേരെ നിരവധി ഭീഷണികൾ വരുന്നുണ്ടെന്നും വിഡിയോ കോൺഫറൻസിലൂടെ മൊഴി രേഖപ്പെടുത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് റായ്പുരിലെത്തി ഫൈസൻ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വധഭീഷണിയുടെ പശ്ചാത്തലത്തിൽ ഷാറൂഖ് ഖാന് മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ സുരക്ഷക്കായി ആറ് സായുധ സേനാംഗങ്ങളെയാണ് നിയോഗിച്ചത്. നേരത്തെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഷാറൂഖിനായി സുരക്ഷ ഒരുക്കിയിരുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ മാസവും താരത്തിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വധഭീഷണികൾക്കു പിന്നിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ആണെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.