ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനിടെ ഔറംഗസീബ് വിവാദം ഉയർത്തുകയും മോദിയുടെ പ്രസ്താവനക്ക് മറുപടി പറയുകയും ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ വെട്ടിലായി. പാർട്ടി അധ്യക്ഷനാകാൻ പത്രിക സമർപ്പിച്ച രാഹുലിന് എതിരാളികളില്ലാത്തതിനെ പരിഹസിച്ചാണ് മുഗൾ രാജവാഴ്ച പ്രശ്നമുയർത്തി ഗുജറാത്തിലെ റാലിക്കിടെ കോൺഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്.
ഷാജഹാനിൽ നിന്നും ഔറംഗസീബ്ഭരണം കയ്യാളുന്നത് പോലെയാണ് രാഹുലിന്‍റെ കിരീടധാരണം എന്നായിരുന്നു മോദിയുടെ പരാമർശം. മുഗൾ ഭരണത്തിന് കീഴിൽ തെരഞ്ഞടുപ്പുകൾ നടന്നിരുന്നു എന്നാണോ അതിനർഥം? മുഗൾ ഭരണത്തിൽ ജഹാംഗീറിൽ നിന്നും ഷാജഹാനും ഷാജഹാനിൽ നിന്ന് ഔറംഗസീബും ഭരണം ഏറ്റെടുത്തു. അപ്പോഴെല്ലാം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നോ? അതായത്, തങ്ങളുടേത് ഒരു കുടുംബ പാർട്ടിയാണെന്ന് കോൺഗ്രസ് തന്നെ അംഗീകരിക്കുന്നു എന്നല്ലേ ഇതിനർഥമെന്നായിരുന്നു മോദി ചോദിച്ചത്.
ഷാജഹാൻ ജഹാംഗീറിൽ നിന്നും ഭരണമേറ്റെടുക്കുമ്പോഴും ഷാജഹാനിൽ നിന്നും ഔറംഗസീബ് അധികരമേറ്റെടുക്കുമ്പോഴും ഏതെങ്കിലും തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ടോ? അനന്തരാവകാശിക്കാണ് രാജാവ് കിരീടം കൈമാറുകയെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. പക്ഷെ ജനാധിപത്യ ഭരണത്തിൽ തെരഞ്ഞടുപ്പകൾ നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഷെഹ്സാദ് പൂനവാലയെ താൻ ക്ഷണിക്കുന്നു- അയ്യർ പറഞ്ഞു.
പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കെ മണിശങ്കർ അയ്യർ നടത്തിയ പ്രസ്താവന കോൺഗ്രസിനെയാകെ പ്രതിരോധത്തിലാക്കി. പിന്നീട് അയ്യർ തന്നെ ഈ പ്രസ്താവന തിരുത്തി മുന്നോട്ടുവന്നു.
ഇത്തരത്തിലുള്ള താരതമ്യത്തിൽ അർഥമില്ല എന്നായിരുന്നു അയ്യർ പിന്നീട് പറഞ്ഞത്. മുഗൾ വാഴ്ചയിൽ ജഹാംഗീറിന് ശേഷം മകനായ ഷാജഹാൻ അധികാരത്തിൽ വരുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇവിടെ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ ആർക്കും അവകാശമുണ്ട്. ഇത് തികച്ചും ജനാധിപത്യപരമായ ഒരു പ്രക്രിയയാണ്^ അയ്യർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.