ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പിയിലേക്ക് കൂറുമാറിയ ഏഴ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാർക്ക് നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ ഹൈകോടതി വിലക്ക്. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ വൈ. ഖേംചന്ദ് സിങ് അന്തിമ തീരുമാനം എടുക്കുന്നത് വരെ ഏഴുപേരും നിയമസഭയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് കെ.എച്ച് നോബിന്‍ സിങ്ങിന്‍റെ ഉത്തരവ്.
സനാസം ബിറാ സിങ്, ജിന്‍സെന്‍ ഹൗ, ഔനം വുഖോയ് സിങ്, ഗംതങ് ഹോകിപ്, യെന്‍ഖോം സര്‍ചന്ദ്രസിങ്, ക്ഷേത്രിമയും ബിറാ സിങ്, പിയോനം ബ്രോജന്‍ സിങ് എന്നിവരാണ് കൂറുമാറിയ കോൺഗ്രസ് എം.എൽ.എമാർ. കപില്‍ സിബല്‍, എസ്.ജി ഹസ്‌നൈന്‍, എന്‍. ഇബോട്ടോമ്പി എന്നിവരാണ് കോണ്‍ഗ്രസിന് വേണ്ടി കോടതിയെ സമീപിച്ചത്.
2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശേഷം ഏഴു പേരും ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു. 60 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് 28 സീറ്റ് ഉണ്ടായിരുന്നു. സഖ്യകക്ഷി അടക്കം 21 സീറ്റ് നേടിയ ബി.ജെ.പി, കൂറുമാറിയ കോൺഗ്രസ് എം.എൽ.എമാരെ കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
കോടതി വിലക്കിന്‍റെ സാഹചര്യത്തിൽ ജൂണ്‍ 19ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് തിരിച്ചടിയാകും. ഏഴ് എം.എല്‍.എമാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.