അവസാന 10 കുക്കി കുടുംബങ്ങളെയും സർക്കാർ കുടിയൊഴിപ്പിച്ചു; ഇംഫാലിലെ ന്യൂ ലാംബുലെൻ ഇനി ‘കുക്കി മുക്ത മേഖല’.

ഇംഫാൽ: 300 കുക്കി കുടുംബങ്ങൾ താമസിച്ചിരുന്ന ഇംഫാലിലെ ന്യൂ ലാംബുലെൻ പ്രദേശം ഇനി ‘കുക്കി മുക്ത മേഖല’. ഇവിടെ ഉണ്ടായിരുന്ന അവസാനത്തെ 10 കുടുംബങ്ങളെ മണിപ്പൂർ സർക്കാർ ഇന്നലെ പുലർച്ചെ കുടിയൊഴിപ്പിച്ചു. 24 അംഗങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. “ഞങ്ങൾക്ക് സാധനങ്ങൾ പാക്ക് ചെയ്യാൻ പോലും സമയം നൽകിയില്ല. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രം എടുത്ത് ഞങ്ങളെ വാഹനങ്ങളിൽ കയറ്റി” -ഇവിടെ ഉണ്ടായിരുന്ന കുക്കി വളന്റിയർ എസ് പ്രിം വൈഫെയ് പറഞ്ഞു.

വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് നാല് മാസമായിട്ടും തങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയിൽനിന്ന് പോകാതെ പിടിച്ചുനിന്ന കുക്കി കുടുംബങ്ങളെയാണ് സർക്കാർ ഇടപെട്ട് മാറ്റിയത്. ഇംഫാൽ താഴ്‌വരയുടെ വടക്കുഭാഗത്ത് കുക്കി ആധിപത്യമുള്ള കാങ്‌പോക്‌പി ജില്ലയിലെ മൊട്ട്‌ബംഗിലേക്കാണ് ഈ കുടുംബങ്ങളെ കൊണ്ടുപോയത്. അക്രമകാരികൾ ഇവരെ ലക്ഷ്യംവെക്കുമെന്നതിനാലാണ് മാറ്റിയതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ ന്യൂ ലാംബുലൻ ഏരിയയിലെ തങ്ങളുടെ വസതികളിൽ നിന്ന് തങ്ങളെ ബലമായി പുറത്താക്കുകയായിരുന്നുവെന്ന് കുക്കി കുടുംബങ്ങൾ ആരോപിച്ചു. "ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരമെന്ന് അവകാശപ്പെട്ടാണ് യൂണിഫോം ധരിച്ച സായുധ ഉദ്യോഗസ്ഥരുടെ സംഘം സെപ്റ്റംബർ 1ന് അർധരാത്രി ന്യൂ ലാംബുലെനിൽ എത്തിയത്. ഇംഫാലിലെ കുക്കി പ്രദേശത്തെ അവസാനത്തെ താമസക്കാരെയും വീടുകളിൽ നിന്ന് ബലമായി പുറത്താക്കി” -എസ് പ്രിം വൈഫെയ് പറഞ്ഞു. ഇവിടെ താമസിച്ചിരുന്ന മറ്റ് കുക്കി കുടുംബങ്ങൾ മേയ് 3 ന് വംശീയ അക്രമം ആരംഭിച്ചതിനുശേഷം ഘട്ടം ഘട്ടമായി ഇവിടംവിട്ടുപോയിരുന്നു.

‘മെയ്തി- കുക്കി വേർതിരിവ് പൂർണം, ഉടൻ ഭരണഘടനാപരമായി അംഗീകരിക്കണം’

നിർബന്ധിത കുടിയൊഴിപ്പിക്കലിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ രംഗത്തുവന്നു. മെയ്തികൾക്കും കുക്കികൾക്കും പ്രത്യേക ഭരണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ‘മെയ്തികളെയും കുക്കികളെയും വേർതിരിക്കുന്ന നടപടി ഈ കുടിയൊഴിപ്പിക്കലിലൂടെ പൂർണമായി. ഈ വേർതിരിവ് എത്രയും വേഗം കേന്ദ്ര സർക്കാർ ഭരണഘടനാപരമായി അംഗീകരിക്കണം. പ്രത്യേകഭരണം ഏർപ്പെടുത്തണം’ -പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മേയ് ആദ്യവാരം മണിപ്പൂരിൽ തുടങ്ങിയ വംശീയ കലാപത്തിൽ ഇതിനകം 160-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരങ്ങൾക്ക് സ്വന്തം കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. 

Tags:    
News Summary - Manipur: Last of 10 Kuki families in Imphal shifted to Kangpokpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.