ന്യൂഡൽഹി: രണ്ട് ദിവസത്തെ മണിപ്പൂർ സന്ദർശന വേളയിൽ കണ്ട കാഴ്ചകൾ തന്റെ ഹൃദയം തകർക്കുന്നതായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമാധാനമാണ് മുന്നിലുള്ള ഏക വഴിയെന്നും അതിനായി നാമെല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മണിപ്പൂരിലെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളും യാത്രാവേളയിൽ നേരിടേണ്ടിവന്ന പൊലീസ് അതിക്രമവുമടക്കം ചിത്രീകരിച്ച് യൂട്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോ പങ്കുവെച്ചുള്ള ട്വീറ്റിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
മണിപ്പൂർ സംഘർഷത്തെക്കുറിച്ച് ലഘു വിവരണത്തോടെ തുടങ്ങുന്ന വിഡിയോയിൽ ഇംഫാൽ വിമാനത്താവളത്തിൽ എത്തിയപ്പോഴുള്ള അനുഭവവും പൊലീസും സൈന്യവും വാഹനവ്യൂഹം തടഞ്ഞതും കണ്ണീർ വാതക ഷെൽ പ്രയോഗിച്ചതും ദൃശ്യങ്ങൾ സഹിതം വിവരിക്കുന്നുണ്ട്. ചുരാചന്ദ്പൂർ, ഐഡിയൽ ഗേൾസ് കോളജ്, മൊയ്രാംഗ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നതും അവിടെ കഴിയുന്ന അന്തേവാസികൾ കലാപത്തെ കുറിച്ച് വിവരിക്കുന്നതും ഇതിൽ കാണാം. മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളോടും സമാധാനത്തിനായി അഭ്യർഥിച്ചുകൊണ്ടാണ് 12 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അവസാനിക്കുന്നത്.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കൾ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. വ്യാഴാഴ്ച സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിക്ക്, പരസ്പരം സംഘർഷത്തിലുള്ള മെയ്തേയി വിഭാഗത്തിന്റെയും കുക്കി വിഭാഗത്തിന്റെയും മേഖലകളിൽ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. എന്നാൽ, ഇംഫാലിലെത്തിയ രാഹുൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാൻ പുറപ്പെടവെ സംസ്ഥാന സർക്കാർ തടഞ്ഞ് തിരിച്ചയക്കുകയുണ്ടായി. സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഇതേതുടർന്ന് നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഒടുവിൽ രാഹുലും സംഘവും ഹെലികോപ്ടറിലാണ് കുക്കി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. വെള്ളിയാഴ്ച മെയ്തേയി മേഖലകളും രാഹുൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.