ഇംഫാൽ: സി.ആർ.പി.എഫുമായുള്ള ഏറ്റുമുട്ടലിൽ 11 കുക്കികൾ കൊല്ലപ്പെട്ടതോടെ മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരന്തരം നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് തിങ്കളാഴ്ചത്തെ ഏറ്റുമുട്ടൽ.
സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളായ കുക്കികളും മെയ്തേയ് വിഭാഗവും തമ്മിൽ കഴിഞ്ഞ വർഷം മേയിലാണ് ഏറ്റുമുട്ടലിന് തുടക്കമായത്. ഭൂരിപക്ഷ സമുദായമായ മെയ്തേയ് വിഭാഗത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും പട്ടിക വർഗ സംവരണം അനുവദിക്കുന്നത് പരിഗണിക്കാൻ ഹൈകോടതി മണിപ്പൂർ സർക്കാറിന് നിർദേശം നൽകിയതാണ് സംഘർഷത്തിന് വഴിമരുന്നിട്ടത്. നിർദേശത്തെ എതിർക്കാൻ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് മണിപ്പൂർ 2023 മേയ് മൂന്നിന് ആഹ്വാനം ചെയ്ത ഗോത്ര ഐക്യദാർഢ്യ മാർച്ചിനോടനുബന്ധിച്ചാണ് സംഘർഷം തുടങ്ങിയത്. തുടർന്ന് വ്യാപകമായ അക്രമമാണ് സംസ്ഥാനത്ത് അരങ്ങേറിയത്.
ഔദ്യോഗിക കണക്കുപ്രകാരം തന്നെ ഇതുവരെ 200ഓളം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 4700ലധികം വീടുകൾ അഗ്നിക്കിരയായി. 254 ചർച്ചുകളും 132 ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. 67,000 പേർ ഭവന രഹിതരായെന്നാണ് കണക്കാക്കുന്നത്. ആക്രമണം നേരിടുന്നതിന് സർക്കാർ കർഫ്യൂ, ഇൻറർനെറ്റ് നിരോധനം തുടങ്ങിയ നടപടികൾ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല.
മെയ്തേയ് വിഭാഗത്തിന് പട്ടികവർഗ പദവി പരിഗണിക്കാനുള്ള നിർദേശം ഈ വർഷം ഫെബ്രുവരിയിൽ മണിപ്പൂർ ഹൈകോടതി പിൻവലിച്ചു. എന്നാൽ, ഇതിനകംതന്നെ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണാതീതമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടന്നതോടെ സംഘർഷം പുതിയ തലത്തിലെത്തി. വംശീയ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാറിന്റെയോ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെയോ ഭാഗത്തുനിന്ന് കാര്യമായ ശ്രമമുണ്ടാകാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കുകയും ചെയ്തു.
പട്ടികവർഗ (എസ്.ടി) പദവിക്കായി മെയ്‌തേയ് വിഭാഗം ആവശ്യമുന്നയിച്ചതാണ്, കാലങ്ങളായി ഭിന്നതയിലുള്ള മെയ്‌തേയ് -കുക്കി വിഷയം പുതുതായി സംഘർഷത്തിലേക്ക് വഴിമാറിയത്. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും മെയ്‌തേയ് ആധിപത്യം കാരണം തങ്ങൾ അടിച്ചമർത്തപ്പെട്ടുവെന്ന വികാരം കുക്കികളിൽ ശക്തമാണ്. സംഘർഷങ്ങളെ തുടർന്ന് ആയിരങ്ങളാണ് ഭവനരഹിതരായത്.
2022 മാർച്ച്: മെയ്തേയ് ഭൂരിപക്ഷമുള്ള മണിപ്പൂർ സർക്കാർ, കുക്കി ഗോത്ര വർഗ മേഖലയിൽ ഒഴിപ്പിക്കൽ നീക്കം ആരംഭിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു.
2022 മേയ്: കുക്കികൾക്ക് ഭൂരിപക്ഷമുള്ള പർവത മേഖലയിൽ ആശങ്ക വ്യാപകമായതോടെ അവർ പ്രക്ഷോഭരംഗത്ത് സജീവമായി. താഴ്വര കേന്ദ്രീകരിച്ചുള്ള മെയ്തേയികളും തെരുവിലിറങ്ങി.
2023 ജനുവരി: മെയ്തേയികൾക്ക് എസ്.ടി പദവി നൽകുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും പുരോഗമിച്ചതോടെ കുക്കികൾ വൻ പ്രക്ഷോഭത്തിനൊരുങ്ങി.
2023 ഏപ്രിൽ: വൻതോതിൽ സംഘർഷം അരങ്ങേറി. കുക്കി മേഖലകളിൽ വ്യാപകമായ ആൾനാശം.
2023 മേയ്: ഗോത്രവർഗക്കാർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനു പിന്നാലെ വൻ സംഘർഷം. മെയ്തേയ്-കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി. ആൾനാശവും വസ്തുവകകൾക്ക് തീവെപ്പും വ്യാപകം.
2023 ജൂൺ: സംഘർഷ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചു. ഇൻറർനെറ്റ് വിലക്കി.
2023 ജൂലൈ: സർക്കാർ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതിനിടയിലും കുക്കികൾക്കെതിരെ വ്യാപക ആക്രമണം. ചിലയിടങ്ങളിൽ മെയ്തേയികൾക്കും ആൾനാശം.
2023 ആഗസ്റ്റ്: മധ്യസ്ഥ ചർച്ചകൾ നടന്നുവെങ്കിലും വ്യാപക വിവേചന ആരോപണം ഉയർന്നതിനാൽ ഫലം കണ്ടില്ല.
2024 ജൂൺ: കുക്കികൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായതോടെ കേന്ദ്രം വീണ്ടും ചർച്ചക്ക്.
2024 സെപ്റ്റംബർ: ചില ചർച്ചകൾ പുരോഗതി കണ്ടുവെങ്കിലും അടിസ്ഥാന വിഷയങ്ങളിൽ പരിഹാരമില്ലാത്തതിനാൽ പരിഹാരമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.