വ്യാപക പ്രതിഷേധം; മ്യാന്മറിൽനിന്ന് എത്തുന്നവർക്ക് ഭക്ഷണവും താമസവും നൽകരുതെന്ന ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ

ഐസോൾ (മണിപ്പൂർ): പട്ടാളത്തിന്‍റെ അടിച്ചമർത്തൽ രൂക്ഷമാവുന്ന അയൽരാജ്യമായ മ്യാന്മറിൽനിന്ന്​ പലായനം ചെയ്​തെത്തുന്നവർക്ക്​ ഭക്ഷണവും താമസസൗകര്യവും നൽകരുതെന്ന ഉത്തരവ് പിൻവലിച്ച്​ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.

ഉത്തരവിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആകാമെന്ന് മണിപ്പൂർ ആഭ്യന്തര സ്പെഷൽ സെക്രട്ടറി ഗ്യാൻ പ്രകാശ് പറഞ്ഞു. പരിക്കേറ്റ മ്യാന്മർ പൗരന്മാരെ ചികിത്സിക്കുന്നതിനായി ഇംഫാലിലേക്ക് കൊണ്ടുപോകുന്നതുൾപ്പെടെ എല്ലാ നടപടികളും സംസ്ഥാന സർക്കാർ അടുത്തിടെ സ്വീകരിച്ചിരുന്നു. സഹായങ്ങൾ നൽകുന്നത് സംസ്ഥാന സർക്കാർ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണ ഒഴിവാക്കാൻ മാർച്ച് 26ലെ ഉത്തരവ് പിൻവലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

മ്യാന്മറിൽനിന്ന്​ അനധികൃതമായി എത്തുന്നവരെ തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ നിർദേശിക്കുന്ന സർക്കുലറാണ് മാർച്ച് 26ന് അഞ്ച്​ അതിർത്തി ജില്ലകളുടെ ഡെപ്യൂട്ടി കമീഷണർമാർക്ക്​ കൈമാറിയിരുന്നത്. കടുത്ത പരിക്കുകളുമായി എത്തുന്നവർക്ക്​ മാനുഷിക പരിഗണന നൽകാമെങ്കിലും അഭയാർഥികളെ മടക്കിയയക്കാനാണ്​ നിർദേശം. അഭയാർഥികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകാൻ ജില്ല ഭരണകൂടങ്ങളോ സിവിൽ സൊസൈറ്റിയോ ക്യാമ്പുകൾ തുറക്കരുതെന്നും നിർദേശത്തിൽ പറഞ്ഞിരുന്നു.

മ്യാന്മറുമായി 1643 ഇടങ്ങളിൽ അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന്​ പേർ മുൻകാലങ്ങളിൽ അഭയം തേടിയിട്ടുണ്ട്​. അഭയാർഥികൾക്ക് അഭയം നൽകണമെന്ന് മ്യാൻമറിന്‍റെ ഐക്യരാഷ്ട്രസഭ അംബാസഡർ ഇന്ത്യൻ സർക്കാറിനോടും വിവിധ സംസ്ഥാന സർക്കാറുകളോടും അഭ്യർത്ഥിക്കുകയും ചെയ്​തിരുന്നു​.

ബിറേൻ സിംഗ് സർക്കാറിന്‍റെ വിവാദ ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു​. ഉത്തരവ് മനുഷ്യത്വരഹിതമാണെന്നും രാജ്യത്തിന്‍റെ ആതിഥ്യമര്യാദയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്. 

Tags:    
News Summary - Manipur withdraws letter on handling of Myanmar nationals crossing border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.