'കോവിഡ്​ വാക്​സിനേഷനിലെ അലംഭാവം അവസാനിപ്പിക്കൂ'; അഞ്ചിന നിർദേശങ്ങളുമായി മോദിക്ക്​ കത്തെഴുതി മൻമോഹൻ

കോവിഡ്​ സംബന്ധിച്ച്​ അഞ്ചിന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തെഴു​തി മൻമോഹൻ സിങ്​. വാക്​സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്​ മുൻപ്രധാനമന്ത്രി മൻമോഹൻ കത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്നത്​. കോവിഡ് വാക്സിനേഷൻ പ്രോഗ്രാം കൂടുതൽ വിപുലീകരിക്കണമെന്നും വാക്​സിൻ എടുക്കുന്നവരുടെ എണ്ണം കൃത്യമായി നിർണയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമുള്ള വാക്​സിൻ സംബന്ധിച്ച​ കൃത്യമായ എണ്ണം കമ്പനികൾക്ക്​ കൈമാറണം. ഇതിന്‍റെ അടിസ്​ഥാനത്തിൽ വാക്​സിൻ നിർമിച്ച്​ നൽകാൻ സ്വകാര്യ കമ്പനികൾക്ക്​ നിർദേശം നൽകണമെന്നും മൻമോഹൻ കത്തിൽ പറയുന്നു.


അടുത്ത ആറ്​ മാസത്തേക്ക് ആവശ്യമുള്ള കോവിഡ് വാക്സിൻ ഓർഡറുകൾ മുൻകൂട്ടി നൽകണം. സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിനുകൾ വിതരണം ചെയ്യുമെന്ന മാർഗരേഖ കേന്ദ്രം പുറത്തിറക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തിൽ ഇന്ത്യ വലയുന്ന സമയത്താണ് മോദിക്ക് സിങ്​ കത്ത് എഴുതിയത്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് കേസുകളിൽ റെക്കോർഡ് വർധനയാണ്​ രാജ്യത്ത്​ ഉണ്ടായത്​. ഇരട്ട മ്യൂട്ടേഷൻ കാരണം രൂപ​െപ്പട്ട വൈറസിന്‍റെ പുതിയ വകഭേദമാണ്​ ഇന്ത്യയിൽ പുതിയ അണുബാധകൾക്ക് ആക്കം കൂട്ടുന്നതെന്നാണ്​ വിലയിരുത്തൽ. നിലവിൽ കോവിഡ്​ കേസുകളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും മോശമായ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്​. മൻമോഹന്‍റെ കത്തിന്‍റെ സംഗ്രഹരൂപം താഴെ.


ഇന്ത്യയും ലോകവും കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിട്ട് ഒരു വർഷമായി. വിവിധ നഗരങ്ങളിൽ താമസിക്കുന്ന മാതാപിതാക്കൾ ഒരു വർഷമായി അവരുടെ മക്കളെ കണ്ടിട്ട്. അധ്യാപകർ ക്ലാസ് റൂമിൽ വിദ്യാർഥികളെ കണ്ടിട്ട് ഒരു വർഷമായി. ഒരുപാട് പേർക്ക് അവരുടെ ജീവിതോപാധികൾ നഷ്ടമായി. ദശലക്ഷക്കണക്കിന് പേർ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. ജീവിതം എന്ന് സാധാരണഗതിയിലേക്ക് തിരിച്ചു പോകും എന്നാണ് കോവിഡിന്റെ രണ്ടാം വരവിൽ ആളുകൾ ചിന്തിക്കുന്നത്.

മഹാമാരിക്കെതിരെ പൊരുതാൻ ഒരുപാട് കാര്യങ്ങൾ മുമ്പിലുണ്ട്. എന്നാൽ വാക്‌സിനേഷൻ പദ്ധതി വേഗത്തിലാക്കുക മാത്രമാണ് ഇപ്പോൾ നാം ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. ഇക്കാര്യത്തിൽ എനിക്ക്​ ചില നിർദേശങ്ങളുണ്ട്. ക്രിയാത്മകമായ സഹകരണത്തിന്റെ സ്പിരിറ്റിൽ ഇവ ഞാൻ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു.


ഒന്ന്: അടുത്ത ആറു മാസത്തിനിടെ നമ്മൾ എത്ര വാക്‌സിൻ കുത്തിവയ്ക്കും എന്ന് പ്രസിദ്ധപ്പെടുത്തണം. ഇക്കാലയവിൽ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം നിശ്ചയിച്ച് അത് വാക്‌സിൻ നിർമാണക്കമ്പനികൾക്ക് കൈമാറണം. എങ്കിലേ അവർക്ക് സമയാസമയങ്ങളിൽ വാക്‌സിൻ എത്തിക്കാനാകൂ.

രണ്ട്: വാക്‌സിനുകളെ കുറിച്ച് സംസ്ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭിക്കണം. സംസ്ഥാനങ്ങൾക്ക് എത്ര വാക്​സിനുകൾ നൽകാനാകും എന്നതിനെ കുറിച്ച് വിവരങ്ങൾ കൈമാറണം. അടിയന്തര ആവശ്യത്തിനായി മൊത്തം വിതരണത്തിന്റെ 10 ശതമാനം കേന്ദ്രസർക്കാറിന് കൈവശം വയ്ക്കാം. ഇതിനപ്പുറത്ത്, സംസ്ഥാനങ്ങൾക്ക് ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ സൂചനകൾ ലഭ്യമാകണം.

മൂന്ന്: വാക്‌സിനേഷൻ എടുക്കുന്നവർ ആരെല്ലാം എന്നത് നിർണയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് കൂടി കൈമാറണം. ഉദാഹരണത്തിന്, സ്‌കൂൾ അധ്യാപകർ, ബസ്, മുച്ചക്ര, ടാക്‌സി ഡ്രൈവർമാർ, മുനിസിപ്പൽ-പഞ്ചായത്ത് ജീവനക്കാർ, കോടതികയിൽ ഹാജരാകുന്ന അഭിഭാഷകർ, മറ്റു മുന്നണിപ്പോരാളികൾ തുടങ്ങിയവർക്ക് വാക്‌സിൻ നൽകുന്നതിൽ മുൻഗണന വേണമോ എന്ന് സംസ്ഥാന സർക്കാറിന് തീരുമാനിക്കാം. 45 വയസ്സിന് താഴെയുള്ളവർ ആണെങ്കിൽക്കൂടി ഇവർക്ക് വാക്‌സിൻ കുത്തിവയ്ക്കാം.


നാല്: കുറച്ചു ദശാബ്ദങ്ങളായി ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കൾ. സർക്കാറുകളോടും ശക്തമായ ഇന്റലക്ച്വൽ പ്രൊപ്പേർട്ടി സംരക്ഷണത്തിനാണ്​ ഇക്കാര്യത്തിൽ നന്ദി പറയേണ്ടത്. വാക്​സിനുകൾ കൂടുതലും നിർമിക്കുന്നത്​ സ്വകാര്യമേഖലയിലാണ്. പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ സ്വകാര്യ വാക്‌സിൻ നിർമാതാക്കൾക്ക് അവരുടെ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സഹായം നൽകണം. മറ്റു ആനുകൂല്യങ്ങളും നൽകണം. വാക്‌സിൻ നിർമാതാക്കൾക്ക് നിയമം വഴി നിർബന്ധിത ലൈസൻസ് ഏർപ്പെടുത്തണം. ഇസ്രയേൽ നിലവിൽ ഇത്തരത്തിൽ നിയമം കൊണ്ടുവന്നിട്ടുണ്ട്.

അഞ്ച്: ആഭ്യന്തര ആവശ്യത്തിന് വേണ്ട വാക്‌സിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ യൂറോപ്യൻ മെഡിക്കൽ ഏജൻസി, യുഎസ്എഫ്ഡിഎ തുടങ്ങിയ വിശ്വസനീയ ഏജൻസികളുടെ അനുമതി ലഭിച്ച വിദേശ വാക്‌സിനുകൾ ഇറക്കുമതി ചെയ്യണം. അഭൂതപൂർവ്വമായ പ്രതിസന്ധിയെയാണ് നാം അഭിമുഖീകരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.