വധശ്രമത്തെക്കുറിച്ച് അറിയില്ല;  മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അടവെന്ന് മാവോയിസ്റ്റുകൾ 

ഹൈദരബാദ്: പ്രധാനമന്ത്രിയെ വധിക്കാനായി മാവോയിസ്റ്റുകൾ പദ്ധതി ആസൂത്രണം ചെയ്തുവെന്ന പുണെ പൊലീസിന്‍റെ ആരോപണത്തെ തള്ളിക്കളഞ്ഞ് മാവോയിസ്റ്റ് നേതാവ് പി. വരവര റാവു. മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണം. പദ്ധതിയെക്കുറിച്ച് സൂചിപ്പിക്കുന്ന കത്ത് പൂണെ പൊലീസ് പിടിച്ചെടുത്തുവെന്ന വാർത്തയും വരവര റാവു നിഷേധിച്ചു.

സത്യം പറഞ്ഞാൽ ഒരു പ്രധാനമന്ത്രിയെ വധിക്കുന്നതിനുവേണ്ട ശേഷിയൊന്നും ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിനില്ല. പദ്ധതിയുടെ പേരിൽ പൂണെ പൊലീസ് അറസ്റ്റ് ചെയ്ത ഗാഡ്ലിങ്, ജേക്കബ് എന്നിവരെ തനിക്കറിയാം. രാഷ്ട്രീയ തടവുകാരെ പുറത്തിറക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് അവർ.  കൊലപാതക രാഷ്ട്രീയവുമായി അവർക്ക് ഒരു ബന്ധവുമില്ല- ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ  റാവു പറഞ്ഞു.

കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇതിന്‍റെ പേരിൽ പൊലീസിന് തന്നെ അറസ്റ്റ് ചെയ്യുകയോ വ്യാജകേസ് ചുമത്തി ജയിലിടക്കുകയോ ചെയ്യാമെന്നും റാവു പറഞ്ഞു.

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് മാവോയിസ്റ്റുകളായ അഞ്ച് പേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊാളായ റോണ വിൽസൺ ജേക്കബിന്‍റെ ഡൽഹിയിലെ വസതിയിൽ നിന്നും കത്ത് ലഭിച്ചതായാണ് പുണെ പൊലീസിന്‍റെ അവകാശവാദം. രാജീവ് ഗാന്ധിയെ വധിച്ചതുപോലെ മോദിയേയും വധിക്കാമെന്നാണ് കത്തിൽ ചർച്ച ചെയ്യുന്നതെന്നും ഇതിനായി എം.4 റെഫിളുകളും എട്ടുകോടിയോളം രൂപയുടെ വെടിക്കോപ്പുകളും വാങ്ങണമെന്ന് പറയുന്നതായും പുണെ പൊലീസ് പറയുന്നു. ഇതിനായി ഗാഡ്ലിങ്ങും റാവുവും പണം സ്വരൂപിക്കുമെന്നും കത്തിലുണ്ടെന്ന് പുണെ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 

ജനപ്രീതി ഇടിയുമ്പോൾ ഇത്തരം വധശ്രമ പദ്ധതികളുമായി വരുകയെന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോൺഗ്രസും വിമർശിച്ചിരുന്നു.

Tags:    
News Summary - Maoist ideologue says ‘plot’ to assassinate PM concocted to prop up Modi’s image-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.