ഗയ: ബിഹാർ -ഝാർഖണ്ഡ് മേഖലയിലെ മാവോയിസ്റ്റുകളുടെ നേതാവും പിടികിട്ടാപ്പുള്ളിയുമായ സന്ദീപ് യാദവിനെ മരിച്ച നിലയിൽ കണ്ടെത്തി. 55 കാരനായ സന്ദീപ് യാദവ് 100 ഓളം കേസുകളിൽ പൊലീസ് തിരയുന്ന പ്രതിയാണ്. സർക്കാർ ഇയാളുടെ തലക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഒരു ദശകത്തിലേറെയായി പൊലീസിനെ വെട്ടിച്ച് കഴിയുകയിരുന്നു. ബിഹാറിലെ ഗയ ജില്ലയിലെ കാട്ടിൽ മരിച്ച നിലയിലാണ് സന്ദീപ് യാദവിനെ കണ്ടെത്തിയത്.
ബിഹാർ, ഝാർഖണ്ഡ്, ഛത്തിസ്ഗഡ്, ഒഡിഷ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ സന്ദീപിനെതിരെ കേസുണ്ടെന്ന് ഗയ പൊലീസ് സൂപ്രണ്ട് ഹർപ്രീത് കൗർ പറഞ്ഞു. പൊലീസിനെയും അർധസൈനിക വിഭാഗത്തെയും ആക്രമിച്ച കേസുകളും ആയുധങ്ങൾ ഉൾപ്പെടെ കവർന്ന കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, സന്ദീപ് ദീർഘനാളായി അസുഖ ബാധിതനാണെന്നും മരുന്നിന്റെ അലർജി മൂലമാണ് മരിച്ചതെന്നും സന്ദീപിന്റെ കുടുംബം പറഞ്ഞു. സന്ദീപിന് നല്ല ചികിത്സ ലഭിച്ചില്ല. അജ്ഞാതരായ ചിലരാണ് സന്ദീപിന്റെ മൃതദേഹം കാട്ടിൽ നിന്ന് വീട്ടിലെത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
മാവോയിസ്റ്റുകൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം വിഷം നൽകിയതാകാം സന്ദീപിന്റെ മരണത്തിന് വഴിവെച്ചതെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
2018ൽ ഗയയിലെയും ഔറംഗബാദിലെയും സന്ദീപ് യാദവിന്റെ 86 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. രാജ്യത്ത് ഒരു മാവോയിസ്റ്റ് നേതാവിനെതിരെ ആദ്യമായിരുന്നു ഇത്തരമൊരു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.