മുംബൈ: ശിവസേന, എൻ.സി.പി പിളർപ്പുകൾക്കുശേഷം നടക്കുന്ന നിർണായക തെരഞ്ഞെടുപ്പിനാണ് നഗരം തിങ്കളാഴ്ച സാക്ഷ്യം വഹിക്കുന്നത്. രണ്ടു മണ്ഡലങ്ങളിൽ ബി.ജെ.പിയും കോൺഗ്രസുമാണ് നേർക്കുനേർ. ഒരിടത്ത് ബി.ജെ.പിയും ഉദ്ധവ് പക്ഷ ശിവസേനയും. മൂന്നിടത്ത് ഷിൻഡെ പക്ഷവും ഉദ്ധവ് പക്ഷവും ആത്മാഭിമാന പോരാട്ടത്തിലും. മറാത്തി- ഗുജറാത്തികൾക്കിടയിൽ വീണ വിള്ളൽ ഉദ്ധവ് പക്ഷവും കോൺഗ്രസുമടങ്ങിയ ഇൻഡ്യ ബ്ലോക്കിന് അനുകൂലമാകുമെന്നാണ് നിരീക്ഷണം. മഹാരാഷ്ട്രയിൽ വരേണ്ട വികസന പദ്ധതികൾ ഗുജറാത്തിലേക്ക് വഴിമാറ്റി വിടുന്നു എന്ന ആരോപണവും ഇൻഡ്യ ബ്ലോക്ക് പ്രത്യേകിച്ച് ഉദ്ധവ് പക്ഷം ശക്തമായി ഉന്നയിക്കുന്നു.
മറാത്തികളല്ലാത്ത ഗ്രാഫിക് ഡിസൈനർമാർക്കുവേണ്ടി ഗുജറാത്തിലെ എച്ച്.ആർ കമ്പനി ഈയിടെ പരസ്യം ചെയ്തത് പോരിന് ഊർജം പകർന്നു. ഇത് ഇൻഡ്യ ബ്ലോക്കിന് അനുകൂല ഘടകമായി മാറിയിട്ടുണ്ട്. ശിവസേനയിലെ പിളർപ്പിനെ തുടർന്ന് ഉദ്ധവ് താക്കറയോടുള്ള സഹതാപവും ഗുജറാത്തി-മറാത്തി പോരും ബി.ജെ.പിയെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.
നഗരത്തിലെ മുസ്ലിം,ദലിത്, കമ്യൂണിസ്റ്റുകൾക്ക് ഉദ്ധവ് പക്ഷം സ്വീകാര്യമാണ് എന്നതും പ്രധാന ഘടകമാണ്. 2014ലും ’19ലും മോദി തരംഗത്തിൽ അനായാസം ജയിച്ചുപോന്ന മണ്ഡലങ്ങളിൽ ഇത്തവണ ഈ ഘടകങ്ങൾ ബി.ജെ.പിക്ക് പ്രതികൂലമാകും. കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പ്. എൻ.ഡി.എക്കുള്ള രാജ് താക്കറെയുടെ പിന്തുണ ബി.ജെ.പിയുടെ ഉത്തരേന്ത്യൻ വോട്ട് ബാങ്കിലും വിള്ളലുണ്ടാക്കും.
രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞതിനു തൊട്ടുപിന്നാലെയുള്ള തെരഞ്ഞെടുപ്പിൽ പ്രവചനം അസാധ്യം. കേന്ദ്രമന്ത്രിയും മോദി, ഷാമാരുടെ വിശ്വസ്തനുമായ പിയൂഷ് ഗോയൽ മത്സരിക്കുന്ന മുംബൈ നോർത്തിൽ ഗുജറാത്തി- മറാത്തി പോര് ശക്തമാണ്. ഗോയൽ ഗുജറാത്തിയും കോൺഗ്രസിലെ എതിരാളി ഭൂഷൻ പാട്ടീൽ മറാത്തിയുമാണ്.
മുംബൈ നോർത്ത്-ഈസ്റ്റിലും മണ്ണിന്റെ മക്കൾ വാദം കടുത്തതാണ്. കോൺഗ്രസും ബി.ജെ.പിയും മാറിമാറിവാണ മണ്ഡലമാണിത്.
സിറ്റിങ് എം.പി മനോജ് കോട്ടകിനെ മാറ്റി സിറ്റിങ് എം.എൽ.എ മിഹിർ കൊട്ടെചക്കാണ് ബി.ജെ.പി ടിക്കറ്റ്. ഉദ്ധവ് പക്ഷ ശിവസേനയിലെ സഞ്ജയ് ദീന പാട്ടീലാണ് ഇൻഡ്യ ബ്ലോക്ക് സ്ഥാനാർഥി. 2009ൽ എൻ.സി.പി ടിക്കറ്റിൽ മണ്ഡലത്തിൽ ജയിച്ച ആളാണ് പാട്ടീൽ. മിഹിർ ഗുജറാത്തിയും സഞ്ജയ് ദിന പാട്ടീൽ മറാത്തിയുമാണ്. 7.5 ലക്ഷം മറാത്തികളും 2.65 ലക്ഷം മുസ്ലിംകളും മണ്ഡലത്തിലുണ്ട്. ഇൻഡ്യ ബ്ലോക്ക് ജയിച്ചാൽ സഞ്ജയ് ദീനാ പാട്ടീൽ മാങ്കുർദ്, ഗോവണ്ടി പ്രദേശങ്ങൾ ‘മിനി പാകിസ്താനാ’ക്കുമെന്ന് ആരോപിച്ച് മിഹിർ കൊട്ടെച്ച ഹിന്ദു വോട്ട് ബാങ്കിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.മുംബൈ നോർത്ത്-വെസ്റ്റിൽ മറാത്തികൾ തമ്മിലാണ് പോര്. ബി.ജെ.പിയുടെ സമ്മർദത്തിനുവഴങ്ങി സിറ്റിങ് എം.പി ഗജാനൻ കീർത്തികറെ മാറ്റി ഈയിടെ ഉദ്ധവ് പക്ഷം വിട്ടെത്തിയ രവീന്ദ്ര വായ്ക്കറേയാണ് ഷിൻഡെ സ്ഥാനാർഥിയാക്കിയത്. ഗജാനൻ കീർത്തികറുടെ മകൻ അമോൽ കീർത്തികറെ സ്ഥാനാർഥിയാക്കി ഉദ്ധവ് പക്ഷം ചെക്ക് വിളിച്ചു. രണ്ടു സ്ഥാനാർഥികളും ഇ.ഡി അന്വേഷണം നേരിടുന്നവരാണ്. അമോൽ കീർത്തികറേക്കാൾ രാഷ്ട്രീയ പരിചയവും പ്രശസ്തിയും രവീന്ദ്ര വായ്ക്കർക്കാണ്. എന്നാൽ, ഉദ്ധവിലാണ് അമോലിന്റെ പ്രതീക്ഷ.
മുംബൈ നോർത്ത്- സെൻട്രലിൽ സിറ്റിങ് എം.പി പൂനം മഹാജനെ മാറ്റി ഭീകരവാദ കേസുകളിൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികമിനെയാണ് ബി.ജെ.പി പരീക്ഷിക്കുന്നത്. കോൺഗ്രസ് സിറ്റിങ് എം.എൽ.എയും ദലിത് നേതാവുമായ വർഷ ഗെയിക് വാദാണ് എതിരാളി. മോദിയുടെ പ്രതിച്ഛായയിലാണ് നികമിന്റെ പ്രതീക്ഷ. സാധാരണക്കാരുടെ വിഷയവുമായാണ് വർഷ വോട്ടർമാരെ സമീപിച്ചത്.
മുംബൈ സൗത്തിലും ശിവസേനകൾ തമ്മിലാണ് പോര്. ഉദ്ധവ് പക്ഷത്തെ സിറ്റിങ് എം.പി അരവിന്ദ് സാവന്തിനെതിരെ സിറ്റിങ് എം.എൽ.എ യാമിനി ജാദവിനെയാണ് ഷിൻഡെ പക്ഷം മത്സരിപ്പിക്കുന്നത്. ബി.ജെ.പി രാജ് താക്കറെയുടെ എം.എൻ.എസിന് മാറ്റിവെച്ച സീറ്റായിരുന്നു. താമര ചിഹ്നത്തിൽ മത്സരിക്കാൻ രാജ് കൂട്ടാക്കാത്തതോടെ ഷിൻഡെക്ക് നൽകി. രണ്ട് മുഖ്യ സ്ഥാനാർഥികളും മറാത്തികളാണെങ്കിലും ഗുജറാത്തി- മറാത്തി പോരാകും ഇവിടെയും മുഖ്യം. മറാത്തി വോട്ടിലേറെയും അരവിന്ദ് സാവന്തിനെ തുണക്കുമെന്നാണ് നിരീക്ഷണം. ഇ.ഡി അന്വേഷണത്തിനിടെ കൂറുമാറിയതാണ് യാമിനി. മുംബൈ സൗത്ത്-സെൻട്രലിൽ ഷിൻഡെ പക്ഷത്തെ സിറ്റിങ് എം.പി രാഹുൽ ഷെവാലെയും ഉദ്ധവിന്റെ വിശ്വസ്തൻ അനിൽ ദേശായിയുമാണ് കൊമ്പുകോർക്കുന്നത്. ഹാട്രിക് ജയമാണ് രാഹുൽ ഷെവാലേയുടെ ലക്ഷ്യം.
മറാത്തി, ദലിത്, മുസ്ലിം വോട്ടുകൾ നിർണായകമായ മണ്ഡലമാണിത്. താനെ, കല്യാൺ, പാൽഘർ, നാസിക്, ഡിൻഡോരി, ധൂലെ എന്നീ മണ്ഡലങ്ങളിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഇതോടെ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും വോട്ടെടുപ്പ് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.